കുവൈത്ത് സിറ്റി: മുനിസിപ്പൽ കൗൺസിലിന്റെ വൈസ് പ്രസിഡന്റ് ഖാലിദ് അൽ-മുതൈരിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ വിവിധ ഗവർണറേറ്റുകളിലെ താമസ-നിക്ഷേപ മേഖലകളുടെ നമ്പറിംഗ് പദ്ധതികൾക്ക് അംഗീകാരം നൽകി.
അൽ-അഹ്മദി ഗവർണറേറ്റിലെ ഫിന്റാസ്, ഹവല്ലിയിലെ ഹവല്ലി മേഖല (12 ബ്ലോക്കുകളായി), ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ-ഷുയൂഖ്, അൽ-റിഖായി പ്രദേശങ്ങൾ എന്നിവയുടെ നമ്പറിംഗ് കൗൺസിൽ അംഗീകരിച്ചു.അതോടൊപ്പം, ദക്ഷിണ സബാഹിയയിൽ 625 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പള്ളി നിർമ്മിക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയത്തിന് ഭൂമി അനുവദിച്ചു. ജഹ്റയിൽ ഇമാമിനും മുഅദ്ദിനും താമസിക്കാൻ 300 ചതുരശ്ര മീറ്റർ സ്ഥലവും അനുവദിച്ചു.
സൽവയിൽ 84 ചതുരശ്ര മീറ്റർ സ്ഥലത്ത് വൈദ്യുതി സബ്സ്റ്റേഷൻ സ്ഥാപിക്കാനും അൽ-റിഖായിയിൽ 2,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നീതിന്യായ മന്ത്രാലയത്തിന്റെ വിദഗ്ധ വിഭാഗത്തിനായി കെട്ടിടം അനുവദിക്കാനും കൗൺസിൽ അംഗീകാരം നൽകി.കൂടാതെ, ശുഐബ ഇൻഡസ്ട്രിയൽ ഏരിയയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങളുടെ നടപ്പാക്കൽ നിരീക്ഷണ സമിതിക്ക് 7,000 ചതുരശ്ര മീറ്റർ സ്ഥലവും പുനർവിനിയോഗം ചെയ്തു.
സ്വകാര്യ ഭവന നിർമാണ-പൊളിക്കൽ പദ്ധതികളിൽ ഉടമയുടെയും കരാറുകാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി അംഗീകരിക്കുന്ന ഏകീകൃത കരാർ മാതൃകകൾ തയ്യാറാക്കണമെന്ന നിർദേശവും കൗൺസിൽ തുടർനടപടികൾക്കായി എക്സിക്യൂട്ടീവ് വിഭാഗത്തിന് കൈമാറി.



