കുവൈറ്റ് സിറ്റി: വടക്കൻ കുവൈറ്റിലെ ആബ്ദലി റോഡിലുണ്ടായ കടുത്ത സംഘർഷത്തിനിടെ വാഹനം തടഞ്ഞുനിർത്തി കലാഷ്നിക്കോവ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സമഗ്രമായ അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടത്തിയ വ്യക്തിയെയും അക്രമസംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ തിരച്ചിൽ ഊർജ്ജിതമാക്കി.
സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ആബ്ദലി റോഡിൽ വഴക്കും വെടിവെപ്പും നടക്കുന്നതായി മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സുരക്ഷാ പട്രോളിംഗ് സംഘം റോഡരികിലെ ബാരിയറിലേക്ക് ഇടിച്ചുകയറിയ നിലയിൽ ഒരു വാഹനം കണ്ടെത്തുകയും അതിനുള്ളിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
തങ്ങൾക്ക് പരിചയമുള്ള ഒരു സംഘം ആളുകൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി. തങ്ങളുടെ വാഹനത്തിൽ മനഃപൂർവ്വം വന്ന് ഇടിച്ചതിന് ശേഷം പുറത്തിറങ്ങി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതിനിടെ അക്രമികളിൽ ഒരാൾ കലാഷ്നിക്കോവ് തോക്കെടുത്ത് തങ്ങളുടെ വാഹനത്തിന് നേരെ നിരവധി തവണ വെടിയുതിർത്തതായും മൊഴിയിലുണ്ട്. വെടിവെപ്പിൽ വാഹനത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ വേഗത്തിലാക്കി.



