കുവൈറ്റ് സിറ്റി: വടക്കൻ കുവൈറ്റിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സബ്‌കോൺട്രാക്ടർക്ക് കീഴിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിയായ ഡ്രൈവറാണെന്ന് കുവൈറ്റിലെ ചൈനീസ് എംബസി വ്യക്തമാക്കി.
ആക്രമണത്തിൽ ചൈനീസ് പൗരന്മാർക്കാർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൈനീസ് എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ കമ്പനിയുടെ സ്വത്തുക്കൾക്കും കെട്ടിടത്തിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും എംബസി സ്ഥിരീകരിച്ചു.
നേരത്തെ, കുവൈറ്റിന്റെ വടക്കൻ മേഖലയിലുള്ള ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാന്റെ ക്രൂരമായ ആക്രമണമുണ്ടായെന്നും, ഇതിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്വാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ വെളിപ്പെടുത്തി ചൈനീസ് എംബസി പ്രസ്താവനയിറക്കിയത്.



