കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. കെട്ടിട നിർമ്മാണം നടന്നു കൊണ്ടിരുന്ന സ്ഥലത്തെ ബേസ്‌മെന്റ് കുഴിയിലേക്ക് തൊഴിലാളി ഉയരത്തിൽ നിന്ന് അബദ്ധത്തിൽ വീഴുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഫയർ സ്റ്റേഷനിൽ നിന്നും സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിൽ നിന്നുമുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കുഴിയിൽ വീണു പരിക്കേറ്റ തൊഴിലാളിയെ അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുത്ത് ഉടൻ തന്നെ അടിയന്തര മെഡിക്കൽ സേവന വിഭാഗത്തിന് (ഇഎംഎസ്) കൈമാറി. പരിക്കേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.



