ഐ.സി.എഫ് കുവൈത്ത് —മദ്യാസക്തിയിലും മയക്കുമരുന്നുകളുടെ ഉപയോഗത്തിലും ഉപഭോഗത്തിലും വീണു പോകുന്ന പുതുതലമുറയിലെ കുട്ടികളെ ജീവിത യാഥാർഥ്യങ്ങളിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള പ്രയത്നങ്ങൾ ഊർജ്ജിതമാക്കണമെന്നും, സമൂഹത്തിൽ നിന്ന് അവ പൂർണ്ണമായും തുടച്ചു നീക്കുന്നതിനുള്ള നടപടികൾ സാമൂഹിക സുരക്ഷയ്ക്ക് അനിവാര്യമാണന്നും ഐ.സി.എഫ് കുവൈത്ത് നാഷണൽ സാംസ്കാരിക സമ്മേളനം പ്രസ്താവിച്ചു. മദ്യവും മയക്കു മരുന്നും നിർമാർജ്ജനം ചെയ്യുവാനുള്ള പരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ പരിപൂർണ പിന്തുണയുണ്ടാകണം.
അക്കാര്യത്തിൽ നിസ്സംഗരായി ഇരിക്കുന്നവർക്ക് ഭാവിതലമുറയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ജീവിതം ലഹരിയാക്കാനും, കുടുംബ ബന്ധങ്ങളുടെ സുരക്ഷയും ഊഷ്മളതയും ആസ്വദിക്കാനും പുതിയ തലമുറയെ പാകപ്പെടുത്താനുള്ള പരിശ്രമങ്ങൾ ശക്തിപെടുത്തൽ അനിവാര്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സമകാലിക ലോകത്ത് പ്രവാചക സന്ദേശങ്ങളുടെ പ്രസക്തി പ്രമേയമാക്കി ദസ്മ ടീച്ചേർസ് ഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ ഐ.സി.എഫ് കുവൈത്ത് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂർ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.മദ്യാസക്തിയിൽ വീണു പോവുകയും സകല തിന്മകളെയും സർവ്വ സാധാരണയായി കൊണ്ടാടുകയും ചെയ്തിരുന്ന ഒരു ജനവിഭാഗത്തെ നന്മയുടെ ലോകമാതൃകകളായി പരുവപ്പെടുത്തിയ പ്രവാചകന്റെ ജീവിതവും പ്രവർത്തനങ്ങളും സാമൂഹിക പരിഷ്കരണത്തിനും പുനരുദ്ധാരണത്തിനും എക്കാലത്തേയ്ക്കും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ കാലത്തുമുള്ള മുസ്ലിം സമൂഹം പ്രവാചകരെയും സന്ദേശങ്ങളെയും ഹൃദയത്തിൽ സൂക്ഷിച്ചു പോന്നിട്ടുണ്ട്. ആ പാതയിലൂടെ ജീവിതസാഫല്യം കരസ്തമാക്കാൻ വിശ്വാസികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പേരോട് സഖാഫി ഉണർത്തി. പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ എഴുതി ഐ. സി. എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസിദ്ധീകരിച്ച ‘സ്നേഹമായ്, ആർദ്രമായ്’ എന്ന പുസ്തകത്തിന്റെ കുവൈത്ത് നാഷണൽ തല പ്രകാശനം അലവി സഖാഫി, ഷിഫാ അൽ-ജസീറ ഓപ്പറേഷൻസ് വിഭാഗം മേധാവി അസീം സുലൈമാൻ സേട്ടിനു നൽകി നിർവഹിച്ചു. നൗഷാദ് തലശ്ശേരി ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. സയ്യിദ് സാദിഖ് തങ്ങൾ, ആബിദ് ഐ ബ്ലാക്ക്, നാസർ പെരുമ്പട്ട, ഹൈദറലി സഖാഫി, ഷംസുദീൻ സഖാഫി സംബന്ധിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും ബഷീർ അണ്ടിക്കോട് നന്ദിയും പറഞ്ഞു.സമീർ മുസ്ലിയാർ, ശബീർ അരീക്കോട്, റസാഖ് സഖാഫി, ശുഐബ് മുട്ടം, മുഹമ്മദലി സഖാഫി, റഫീഖ് കൊച്ചനൂർ പ്രോഗ്രാം ഏകോപനം നടത്തി.



