കുവൈറ്റ് സിറ്റി: മുൻഭാര്യ കുട്ടികളെ കാണാനുള്ള കോടതി ഉത്തരവ് ലംഘിച്ച് വിദേശത്തേക്ക് യാത്ര ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുൻഭർത്താവിന് നൽകേണ്ട നഷ്ടപരിഹാര തുക കുവൈറ്റ് അപ്പീൽ കോടതി കുറച്ചു. മുൻഭാര്യ 2,000 കുവൈറ്റി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന കീഴ്കോടതി വിധിയാണ് അപ്പീൽ കോടതി 1,000 ദിനാറായി കുറച്ചത്. ജഡ്ജി ഫഹദ് ഫാദൽ അൽ-ഫഹദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കോടതി ഉത്തരവ് പ്രകാരം എല്ലാ വെള്ളിയാഴ്ചയും കുട്ടികളെ കാണാൻ അർഹതയുണ്ടായിരുന്നെങ്കിലും, യാത്രാവിലക്ക് ലംഘിച്ച് മുൻഭാര്യ കുട്ടികളുമായി പലതവണ വിദേശത്തേക്ക് യാത്ര ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനായ ഭർത്താവ് കോടതിയെ സമീപിച്ചത്. 2024 മെയ് 24 മുതൽ ജൂൺ 28 വരെയും, 2025 ഡിസംബർ 20 മുതൽ കുട്ടികൾ രാജ്യത്തിന് പുറത്തുപോയതായി കാണിക്കുന്ന യാത്രാ രേഖകൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കുട്ടികളെ കാണുന്നതിൽ നിന്ന് തന്നെ വിലക്കിയതിലൂടെ തനിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശന കേന്ദ്രത്തിൽ കുട്ടികളെ ഹാജരാക്കാതിരിക്കുകയും യാത്രാവിലക്ക് ലംഘിച്ച് വിദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തതിലൂടെ മുൻഭാര്യ നിയമലംഘനം നടത്തിയതായി കോടതി കണ്ടെത്തി. ഇത് പിതാവിന് മാനസിക വിഷമം ഉണ്ടാക്കിയെന്ന് വ്യക്തമാക്കിയാണ് കീഴ്കോടതി മുൻപ് 2,000 ദിനാർ നഷ്ടപരിഹാരം വിധിച്ചത്. എന്നാൽ കേസിന്റെ പശ്ചാത്തലം പരിശോധിച്ച് അപ്പീൽ കോടതി ഈ തുക 1,000 ദിനാറായി കുറയ്ക്കുകയായിരുന്നു. സാമ്പത്തിക നഷ്ടത്തിനുള്ള ഹർജി കോടതി തള്ളി.



