കുവൈറ്റ് സിറ്റി: അംഗീകൃത നിയമങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യന്റെ ജഹ്റ ഗവർണറേറ്റ് ഇൻസ്പെക്ടർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വെയർഹൗസുകളിലും ഫാക്ടറികളിലും പരിശോധനകൾ നടത്തി. പരിശോധനയിൽ നിരവധി ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽപനയ്ക്ക് വെക്കുകയും ചെയ്യുക, അതോറിറ്റിയുടെ ആവശ്യമായ ലൈസൻസ് നേടാതെ ഭക്ഷ്യ സ്ഥാപനം തുറന്ന് പ്രവർത്തിക്കുക, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



