കുവൈറ്റ് സിറ്റി: വീടുകളിലെ നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ട പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്ത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച ബോധവൽക്കരണ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. പാസ്‌വേഡ്, ഹോം ഇന്റർനെറ്റ് നെറ്റ്‌വർക്ക്, റിമോട്ട് ആക്‌സസ് സേവനങ്ങൾ, ക്യാമറയുടെ ഉറവിടം എന്നീ നാല് പ്രധാന ഘടകങ്ങളെ ആശ്രയിച്ചാണ് സിസിടിവി ക്യാമറകളുടെ സുരക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്യാമറകളുടെ ക്രമീകരണങ്ങൾ കൃത്യമായ ഇടവേളകളിൽ പുനഃക്രമീകരിക്കേണ്ടതാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സ്ഥിരമായി ഉപയോഗിക്കുന്ന ഡീഫോൾട്ട് പാസ്‌വേഡുകൾക്ക് പകരം ചിഹ്നങ്ങളും അക്കങ്ങളും ഉൾപ്പെടുത്തി ശക്തമായ പുതിയ പാസ്‌വേഡ് ഉപയോഗിക്കണം. സുരക്ഷിതവും വിശ്വസനീയവുമായ ഹോം ഇന്റർനെറ്റ് നെറ്റ്‌വർക്കുമായി വേണം ക്യാമറകൾ ബന്ധിപ്പിക്കാൻ. റിമോട്ട് ആക്‌സസിനും ലോഗിൻ ഹിസ്റ്ററി നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ‘ONVIF’ സേവനത്തിന്റെ പാസ്‌വേഡും മാറ്റേണ്ടതാണ്. കൂടാതെ, വിശ്വസ്തരായ പ്രമുഖ കമ്പനികളിൽ നിന്ന് മാത്രം ക്യാമറകൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.



