കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഏരിയയിലെ ഒരു പള്ളിയിൽ നമാസിനെത്തിയവരുടെ ചെരുപ്പുകൾ വൻതോതിൽ അപ്രത്യക്ഷമായ സംഭവത്തിൽ യഥാർത്ഥ വില്ലൻ പിടിയിലായി. പള്ളിയുടെ മുൻപിൽ വെച്ചിരുന്ന ചെരുപ്പുകൾ നിരന്തരമായി കാണാതാകുന്നത് പതിവായതോടെ സംശയം തോന്നിയ വിശ്വാസികൾ പ്രദേശം നിരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
കുട്ടികളോ പ്രദേശത്തെ തെരുവ് തൊഴിലാളികളോ ആയിരിക്കും ഈ ചെരുപ്പ് മോഷണത്തിന് പിന്നിലെന്നായിരുന്നു ആദ്യഘട്ടത്തിൽ എല്ലാവരും സംശയിച്ചിരുന്നത്. എന്നാൽ, മോഷ്ടാവിനെ കൈയോടെ പിടികൂടാൻ കാത്തുനിന്ന വിശ്വാസികൾക്ക് ലഭിച്ചത് തീർത്തും അപ്രതീക്ഷിതമായ മറുപടിയാണ്. “ഹുസ്നി” എന്ന കുറുക്കനാണ് പള്ളിയുടെ മുൻപിൽ നിന്ന് ചെരുപ്പ് കടത്തിക്കൊണ്ടുപോകുന്നതിനിടെ കയ്യോടെ പിടിയിലായത്.
ഇതോടെ ഇതുവരെ സംശയ നിഴലിലായിരുന്ന ആളുകളെല്ലാം കുറ്റവിമുക്തരാവുകയും യത്ഥാർത്ഥ പ്രതി കുറുക്കനാണെന്ന് വ്യക്തമാവുകയും ചെയ്തു. “കുറ്റവാളി വീണ്ടും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് തിരികെ എത്തുന്നു” എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, ചെരുപ്പ് തപ്പി വീണ്ടും പള്ളിമുറ്റത്തെത്തിയ കുറുക്കന്റെ നീക്കം പ്രദേശവാസികളിൽ വലിയ തമാശയും കൗതുകവുമാണ് ഉണർത്തിയത്.



