കുവൈറ്റ് സിറ്റി: കുവൈറ്റിൽ സുഹൈൽ സീസണിന്റെ മൂന്നാമത്തെ ഘട്ടമായ ‘അൽ-സുബ്രഹ്’ ആരംഭിച്ചതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. സെപ്റ്റംബർ 20-ന് ആരംഭിച്ച ഈ ഘട്ടം 13 ദിവസത്തോളം നീണ്ടുനിൽക്കും. ശരത്കാലത്തിന്റെ ആദ്യ ഘട്ടമായാണ് ഈ സമയം കണക്കാക്കപ്പെടുന്നത്. അൽ-സുബ്രഹ് കാലയളവിൽ താപനിലയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുമെന്നും രാവിലെയുള്ള സമയങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം തുടരുമെന്നും കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിന്റെ അവസാന ഘട്ടങ്ങളിലൊന്നായ ഈ സീസൺ, രാത്രികാലങ്ങളിൽ മിതമായ താപനിലയും പകലിന്റെ തുടക്കത്തിൽ സുഖകരമായ കാലാവസ്ഥയും നൽകുന്നു. അതേസമയം, ഉച്ചയോടടുത്ത സമയങ്ങളിൽ ചൂടും വരണ്ട കാലാവസ്ഥയും തുടരും.
ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള ചലനത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 22-ന് ശരത്കാല വിഷുവം സംഭവിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ ദിവസങ്ങളിൽ സൂര്യന്റെ കിരണങ്ങൾ ഭൂമദ്ധ്യരേഖയ്ക്ക് ലംബമായി പതിക്കും. അൽ-സുബ്രഹ് സീസണിന്റെ ഒമ്പതാം ദിവസത്തോടെ രാവും പകലും തുല്യമായി (12 മണിക്കൂർ വീതം) മാറുമെന്നും, അതിനുശേഷം രാത്രികളുടെ ദൈർഘ്യം ക്രമേണ വർദ്ധിച്ചുതുടങ്ങുമെന്നും അധികൃതർ വിശദീകരിച്ചു.
അൽ-സുബ്രഹ് ഘട്ടത്തിന്റെ അവസാന ഭാഗത്ത് താപനിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടും. കാറ്റ് ശക്തമാകുമ്പോൾ പൊടിക്കാറ്റും മണൽക്കാറ്റും രൂപപ്പെടാൻ സാധ്യതയുണ്ട്. ആകാശത്ത് ചെറിയ മഞ്ഞനിറം ദൃശ്യമാകുന്ന ഈ കാലയളവ് ‘അൽ-സുഫ്രി’ എന്നാണ് അറിയപ്പെടുന്നത്. ഈ സമയം ദേശാടന പക്ഷികളുടെ സഞ്ചാരവും സജീവമാകുന്നതായി സയന്റിഫിക് സെന്റർ അറിയിച്ചു.



