ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സമൂഹത്തെ ഒരുമിപ്പിച്ച് അവരുടെ പ്രശ്നങ്ങളും നിർദേശങ്ങളും കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കിയ ലോക കേരള സഭയെ പിരിച്ചുവിട്ട നടപടി ശക്തമായി അപലപിക്കുന്നു.‘ധൂർത്ത്’, ‘പ്രാഞ്ചികളുടെ സഭ’, ‘പ്രയോജനമില്ലാത്ത സംവിധാനം’ തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി ഒരു ജനാധിപത്യ വേദിയുടെ പ്രസക്തി ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.
അഞ്ച് ലോക കേരള സഭകൾക്കായി ചെലവായ തുക യഥാക്രമം 2.03 കോടി, 1.21 കോടി, 1.14 കോടി, 37 ലക്ഷം, 47 ലക്ഷം രൂപ മാത്രമാണ്. അതേസമയം, സഭയിൽ ഉയർന്ന നിരവധി നിർദേശങ്ങൾ സർക്കാർ സംവിധാനങ്ങളിലൂടെ പദ്ധതികളായും സേവനങ്ങളായും രൂപം കൊണ്ടിട്ടുണ്ട്.പ്രവാസി ഇൻഷുറൻസ്, നിക്ഷേപ പദ്ധതികൾ, പ്രവാസി മിഷൻ, പോലീസ് സഹായ സംവിധാനം, വിദ്യാർത്ഥി മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ് ഡെസ്ക് തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്.
പ്രവാസികൾ പ്രതിസന്ധിയിലാകുമ്പോൾ ചികിത്സാ സഹായം, നിയമസഹായം, മൃതദേഹം നാട്ടിലെത്തിക്കൽ തുടങ്ങി നിരവധി വിഷയങ്ങളിൽ ഇടപെട്ടത് സഭയുമായി ബന്ധപ്പെട്ട പ്രവാസി പ്രവർത്തകരാണ്. യുദ്ധകാലത്തുപോലും മലയാളി വിദ്യാർത്ഥികളുടെ രക്ഷാപ്രവർത്തനങ്ങളിൽ ഇത്തരം ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.ലോക കേരള സഭയിൽ പങ്കെടുത്ത മുഴുവൻ പ്രവാസികളെയും ‘പ്രാഞ്ചികൾ’ എന്ന ഒറ്റ വാക്കിൽ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. വീട്ടുജോലിക്കാർ, തൊഴിലാളികൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ വരെയുള്ള വലിയൊരു പ്രവാസി സമൂഹത്തിന്റെ പ്രതിനിധിത്വമാണ് അവിടെ ഉണ്ടായിരുന്നത്.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സർക്കാരുകൾ മാറാം.പക്ഷേ, സർക്കാരുകൾ മാറുമ്പോൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സംവിധാനങ്ങൾ തകർക്കുന്നത് ഭരണത്തിന്റെ തുടർച്ചയല്ല; അത് രാഷ്ട്രീയ പ്രതികാരത്തിന്റെ സംസ്കാരമാണ്.ലോക കേരള സഭയെ ഇല്ലാതാക്കുന്നതിനുപകരം അതിലെ പോരായ്മകൾ തിരുത്തി കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്ദം അടച്ചുപൂട്ടാൻ കഴിയില്ല.ലോക കേരള സഭ പിരിച്ചുവിട്ട നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ഈ തീരുമാനം പിൻവലിച്ച് ലോക കേരള സഭ പുനഃസ്ഥാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.മണിക്കുട്ടൻ എടക്കാട്ട്,വിനോദ് വലൂപറമ്പിൽ മുൻ ലോക കേരള സഭ അംഗം – കുവൈറ്റ്



