കോഴിക്കോട്: മരുന്നു ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറുപതോളം മരുന്നുകൾ കിട്ടാനില്ല. നഗര ഗ്രാമ വ്യത്യാസമില്ലാതെ പനിപടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പനിയുമായി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന പാരസെറ്റാമോൾ പോലും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി രോഗമുക്തി നേടാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തവരാണ് സാധാരണ സർക്കാർ ആശുപത്രികളെ കൂടുതലായും ആശ്രയിക്കുന്നത്. ഇത്തരം രോഗികളാണ് മരുന്ന് കിട്ടാതെ വലയുന്നത്. ഡോക്ടറെ കണ്ട് മരുന്ന് ചീട്ടുമായി ഫാർമസിയിൽ എത്തുമ്പോഴാണ് പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും മരുന്ന് ഇല്ലെന്ന വിവരം അറിയുന്നത്. പിന്നീട് ഏറെ വിലകൊടുത്ത് സ്വകാര്യമെഡിക്കൽ ഷോപ്പുകളിൽ എത്തി വാങ്ങേണ്ട അവസ്ഥയാണ് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉള്ളത്.
ഇതിനുപുറമെ ആൻ്റിബയോട്ടിക്കുകളും ഹൃദ്രോഗ പ്രമേഹരോഗ മരുന്നുകൾക്കും വലിയ ക്ഷാമമുണ്ട്.കീമോതെറാപ്പി മരുന്നുകൾ, പേവിഷബാധക്കെതിരെയുള്ള വാക്സിൻ, അപസ്മാരം, രക്തസമർദം എന്നിവയ്ക്കുള്ള മരുന്നുകളും ലഭിക്കുന്നില്ലെന്നാണ് പരാതി.
കാൻസർ ചികിത്സക്കുള്ള മരുന്നിൻ്റെ ക്ഷാമവും രോഗികൾ നേരിടുന്നുണ്ട്. കീമോചികിത്സ വേണ്ട രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങേണ്ടി വരുമ്പോൾ വലിയ വില നൽകേണ്ട സ്ഥിതിയുണ്ട്. എലിപ്പനി, കൊളസ്ട്രോൾ എന്നിവക്കും മരുന്ന് സ്റ്റോക്കില്ലാത്ത സ്ഥിതിയാണ് സർക്കാർ ആശുപത്രികളിൽ ഉള്ളത്.



