കുവൈത്ത് സിറ്റി: ആരോഗ്യ വിവര സംവിധാനങ്ങളുടെ ഡിജിറ്റൽ വികസനത്തിൽ സുപ്രധാന നേട്ടവുമായി കുവൈത്തിലെ അമീരി ആശുപത്രി. അമേരിക്കൻ ഹെൽത്ത് ഇൻഫർമേഷൻ സിസ്റ്റംസ് സൊസൈറ്റിയുടെ HIMSS EMRAM ലെവൽ 6 അംഗീകാരം ആശുപത്രി നേടി.
2018ൽ ആരംഭിച്ച ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി എട്ട് വർഷമായി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം.നിലവിൽ ആശുപത്രിയുടെ ഡിജിറ്റൽ സംവിധാനത്തിൽ 12 പ്രധാന സിസ്റ്റങ്ങളും 13 ടെക്നിക്കൽ പ്ലാറ്റ്‌ഫോമുകളും പ്രവർത്തിക്കുന്നുണ്ട്. ‘ദർവാസത് അൽ അമീരി’ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 2.51 ലക്ഷത്തിലധികമായി.
2022 ജൂൺ മുതൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്മിറ്റി 42 യോഗങ്ങൾ നടത്തുകയും 1,189 വികസന-മെച്ചപ്പെടുത്തൽ നടപടികളിൽ 854 എണ്ണം പൂർത്തിയാക്കുകയും ചെയ്തു.അടുത്ത ലക്ഷ്യമായ HIMSS ലെവൽ 7 കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അമീരി ആശുപത്രി ഡയറക്ടർ ഡോ. അരീജ് അൽ കന്ദരി അറിയിച്ചു.



