കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെയും ഭാഗമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത്, ലൈസൻസില്ലാത്ത അനധികൃത പ്രവർത്തനങ്ങൾ, സർക്കാരിന്റെ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആദ്യ കേസിൽ, ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സബാഹ് അൽ-നാസർ ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശ്രീലങ്കൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ വസതിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, അർദിയ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിലും ഇയാൾ തന്റെ തൊഴിലിന്റെ മറവിലാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് വ്യക്തമായി. തൊഴിലുടമയുടെ കുടുംബവുമായി യാത്ര ചെയ്യുമ്പോൾ സംശയം തോന്നാത്ത രീതിയിലാണ് ഇയാൾ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്.തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് (മെത്താംഫെറ്റാമൈൻ) അടങ്ങിയ ബാഗുകളുമായി ഇയാളെ പിടികൂടി.
ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും വീട്ടു ഉടമയുടെ അനുമതിയോടെയും നടത്തിയ തെരച്ചിലിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ, ശ്രീലങ്കയിലുള്ള വ്യക്തികൾക്ക് അയച്ചുകൊടുത്ത 6,573 കുവൈത്തി ദീനാറിന്റെ പണമിടപാട് രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുവൈത്തിന് പുറത്തുള്ള ഒരാളുടെ സഹായത്തോടെയാണ് താൻ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും, വീടുകളോ തൊഴിലിടങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.



