കുവൈത്ത്സിറ്റി: തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുന്നതിനുമാണ് ശമ്പള വിതരണ സംവിധാനം കർശനമായി നിരീക്ഷിക്കുന്നത്. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്ന ഇത്തരം നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കമ്പനി ഉടമകളുമായി നടത്തിയ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ ജോലിക്കെടുക്കുകയും എന്നാൽ മാസങ്ങളോളം ശമ്പളം നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അഞ്ച് തൊഴിലാലികളിൽ കൂടുതലുള്ള 10,000-ത്തോളം കമ്പനികളിൽ നാല് മാസം മുതൽ ഒന്നര വർഷം വരെ ശമ്പളം ലഭിക്കാത്ത ജീവനക്കാരുണ്ടെന്ന് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. യഥാർത്ഥത്തിൽ ജോലി ചെയ്യാതെ ചിലർ കമ്പനികളിൽ പേര് മാത്രം രജിസ്റ്റർ ചെയ്ത് പണം കൈപ്പറ്റുന്നുണ്ടെന്നും, ഇത് കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കുടുംബത്തോടൊപ്പം കഴിയാൻ സ്വന്തം നാടുവിട്ട് കുവൈറ്റിലെത്തുന്ന തൊഴിലാളികൾക്ക് അർഹമായ കൂലി നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല.
തൊഴിലാളികളെ നിലനിർത്താൻ താല്പര്യമില്ലെങ്കിൽ അവരുടെ മുഴുവൻ ആനുകൂല്യങ്ങളും നൽകി നാട്ടിലേക്ക് അയക്കുകയാണ് വേണ്ടത്. യഥാർത്ഥ തൊഴിലാളികൾക്ക് ശമ്പളം നൽകാതെ, കമ്പനി ഉടമകളുടെ ഭാര്യമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് ശമ്പളവും ലേബർ സബ്സിഡിയും നൽകുന്ന അനീതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



