കുവൈത്ത്: വിമാന ടിക്കറ്റുകളിൽ ഈടാക്കുന്ന വിമാനത്താവള ഫീസുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ പുതിയ നിർദേശവുമായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാന ടിക്കറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ വിമാനത്താവള ഫീസും അതിന്റെ തുകയും പ്രത്യേകം വ്യക്തമാക്കണമെന്ന് വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നിർദേശം നൽകി.
ഒക്ടോബർ 19ന് പുറത്തിറക്കിയ 2026ലെ 58-ാം നമ്പർ സർക്കുലറുമായി ബന്ധപ്പെട്ടാണ് അധികൃതർ വിശദീകരണം നൽകിയത്. സർക്കുലറിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ഫീസുകളും പുതുതായി ഏർപ്പെടുത്തിയതല്ലെന്നും ചിലത് നേരത്തേ നിലവിലുള്ളതും മറ്റു ചിലത് അടുത്തിടെ പ്രാബല്യത്തിൽ വന്നതുമാണെന്നും സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ രാജ്ഹി വ്യക്തമാക്കി.വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ നൽകുന്ന മൊത്തം തുകയിൽ ഏതെല്ലാം ഇനങ്ങളിലാണ് പണം ഈടാക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ പുതിയ സംവിധാനം സഹായിക്കും.
വിമാനത്താവളവുമായി ബന്ധപ്പെട്ട ഫീസുകളിൽ യാത്രക്കാരുടെ ബാഗേജ് പരിശോധനയ്ക്ക് ഒരു ദിനാർ, പുറപ്പെടുന്ന യാത്രക്കാർക്ക് മൂന്ന് ദിനാർ, എത്തിച്ചേരുന്ന യാത്രക്കാർക്ക് രണ്ട് ദിനാർ, ട്രാൻസിറ്റ് യാത്രക്കാർക്ക് ഒരു ദിനാർ, വിമാനത്താവള പുറപ്പെടൽ നികുതിയായി രണ്ട് ദിനാർ എന്നിവ ഉൾപ്പെടുന്നു. ഇതിനു പുറമെ യാത്രക്കാരുടെ രജിസ്ട്രേഷൻ, അതിർത്തി സുരക്ഷാ വിവര പരിശോധന തുടങ്ങിയ സേവനങ്ങൾക്കും നിശ്ചിത ഫീസുകളുണ്ട്. ബാധകമായ ഫീസുകൾ യാത്രയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും.ടിക്കറ്റ് റദ്ദാക്കുമ്പോഴോ റീഫണ്ടിന് അപേക്ഷിക്കുമ്പോഴോ ഈടാക്കിയ ഫീസുകളുടെ വിശദാംശങ്ങൾ പരിശോധിക്കാനും പുതിയ സംവിധാനം സഹായിക്കും. എന്നാൽ റീഫണ്ട് ലഭിക്കുന്നത് ടിക്കറ്റിന്റെ നിബന്ധനകൾക്കും നിലവിലുള്ള നിയമങ്ങൾക്കും വിധേയമായിരിക്കും.
കുവൈത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും നിർദേശങ്ങൾ കർശനമായി പാലിക്കണം. യാത്രക്കാരിൽനിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നത് തടയുകയും ടിക്കറ്റ് നിരക്കുകളിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം.യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യോമയാന മേഖലയിലെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പരിശോധനയും മേൽനോട്ടവും തുടരുമെന്നും അധികൃതർ അറിയിച്ചു.



