കുവൈത്ത് സിറ്റി: ഡോക്ടറെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ഈജിപ്ഷ്യൻ യുവതിക്ക് വിധിച്ച 5,000 കുവൈത്ത് ദിനാർ പിഴ കുവൈത്ത് കോടതി ഓഫ് കാസേഷൻ ശരിവച്ചു. കീഴ്ക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ് രാജ്യത്തെ പരമോന്നത കോടതി പിഴശിക്ഷ നിലനിർത്തിയത്.ഡോക്ടറെ ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കാൻ ശ്രമിച്ചെന്ന കേസിലാണ് യുവതിക്കെതിരെ നിയമനടപടി സ്വീകരിച്ചത്.കേസിൽ നേരത്തെ കോടതി 5,000 ദിനാർ പിഴ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് കോടതി ഓഫ് കാസേഷന്റെ തീരുമാനം.
ഇതോടെ യുവതിക്കെതിരായ പിഴശിക്ഷ അന്തിമമായി. ബ്ലാക്ക്‌മെയിലിങ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കുവൈത്തിലെ നിയമവ്യവസ്ഥ സ്വീകരിക്കുന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് വിധി.അറബ് ടൈംസ് റിപ്പോർട്ട് പ്രകാരം, വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ഈജിപ്ഷ്യൻ ഡോക്ടർ നിരസിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് യുവതി ഡോക്ടറോട് പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
ഡോക്ടറുടെ ജോലിസ്ഥലത്തും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലും യുവതി അദ്ദേഹത്തെ അപമാനിച്ചതായും ആരോപണമുണ്ട്. ഇത് ഡോക്ടർക്ക് വ്യക്തിപരമായും തൊഴിൽപരമായും മാനഹാനിയുണ്ടാക്കിയതായി കേസിൽ ചൂണ്ടിക്കാട്ടി.കേസിൽ നേരത്തെ വിധിച്ച 5,000 ദിനാർ പിഴയാണ് കോടതി ഓഫ് കാസേഷൻ നിലനിർത്തിയത്.



