കുവൈത്ത്സിറ്റി: കുവൈത്തിൽ പള്ളിയിലെ മുഅദ്ദിന്റെ മുറിയിൽനിന്ന് 1,300 കുവൈത്ത് ദിനാർ മോഷ്ടിച്ച കേസിൽ ഈജിപ്ഷ്യൻ പൗരനും ബിദൂൻ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും രണ്ടുവർഷം വീതം കഠിനതടവ് വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.ഉച്ചനമസ്കാരമായ ദുഹർ നമസ്കാരം നടക്കുന്ന സമയത്താണ് പ്രതികൾ പള്ളിയിലെ മുഅദ്ദിന്റെ മുറിയിൽ കയറി പണം മോഷ്ടിച്ചത്.
സംഭവത്തെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തെളിവുകൾ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞതോടെയാണ് രണ്ടുപേർക്കും രണ്ടുവർഷം വീതം കഠിനതടവ് വിധിച്ചത്.ശിക്ഷ ഉടൻ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.



