കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിലെ താമസ നിയമങ്ങൾ ലംഘിച്ച 219 കെട്ടിടങ്ങളിലെ വൈദ്യുതി, ജല കണക്ഷനുകൾ വൈദ്യുതി, ജല മന്ത്രാലയം വിച്ഛേദിച്ചു.ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
കുടുംബങ്ങൾ താമസിക്കുന്ന പാർപ്പിട മേഖലകളിൽ ബാച്ചിലർമാരെ നിയമവിരുദ്ധമായി താമസിപ്പിക്കുന്നതിന് ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.പാർപ്പിട മേഖലകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും അനധികൃത താമസ സംവിധാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമാണ് സംയുക്ത പരിശോധന നടത്തിയത്.



