കുവൈത്ത് സിറ്റി: രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ ഒരു സ്വകാര്യ മെഡിക്കൽ സെന്റർ സ്ഥിരമായി അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി ഉത്തരവിട്ടു.
സ്ഥാപനത്തിന്റെ ഉടമയെയും ജനറൽ പ്രാക്ടീഷണറായി പ്രവർത്തിക്കുന്ന കുവൈത്ത് സ്വദേശിയായ മെഡിക്കൽ ഡയറക്ടറെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനാ സമിതികൾ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ സമിതികൾ നടത്തിയ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടാൻ തീരുമാനിച്ചത്.
സ്ഥാപനത്തിലെ മറ്റൊരു വനിതാ ജീവനക്കാരിക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.2020ലെ 70-ാം നമ്പർ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സ്ഥാപനങ്ങൾ നിയമങ്ങളും ലൈസൻസ് വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം, അടച്ചുപൂട്ടിയ മെഡിക്കൽ സെന്ററിന്റെ പേരോ സ്ഥിതി ചെയ്യുന്ന പ്രദേശമോ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല.



