മസ്തിഷ്കാഘാതം അറിയേണ്ടതെല്ലാം

  • 26/06/2022



ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്
 
ലോകത്താകമാനം വൈകല്യങ്ങൾക്കും മരണത്തിനും പ്രധാനകാരണമാണ് മസ്തിഷ്കാഘാതം. രാജ്യത്തെ മസ്തിഷ്കാഘാതനിരക്ക് ഒരു ലക്ഷത്തിൽ 130 മുതൽ 152 വരെയാണ്, ഇത് 55 മുതൽ 58 വരെ പ്രായക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്;പാശ്ചാത്യജനവിഭാഗങ്ങളെക്കാൾ ഒരു ദശവർഷം നേരത്തേ.ഏകദേശം 85 ശതമാനവും തലച്ചോറിലെ മഹാധമനികളിലെ തടസ്സംമൂലമുണ്ടാകുന്ന ഇഷ്കിമിക് മസ്തിഷ്കാഘാതവും ബാക്കി, 15 ശതമാനം തലച്ചോറിലെ മഹാധമനികൾ പൊട്ടുന്നതുമൂലവുമാണ്.രക്തചംക്രമണവ്യവസ്ഥയിൽ ഉത്ഭവിക്കുന്നതും, 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ മരണത്തിൽ കലാശിക്കുകയോ ചെയ്യുന്നതുമായ മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ (ചിലപ്പോൾ വ്യാപകവും ആകാം) പ്രവർത്തനത്തകരാറിനെയാണു മസ്തിഷ്കാഘാതം (Cerebrovascular Accident; CVA) അഥവാ സ്ട്രോക്ക് (Stroke) എന്ന് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നത് . 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള അവസ്ഥയേയും, അതല്ല ഇനി ലക്ഷണങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും അതേസമയം തലച്ചോറിന്റെ സ്കാൻ ചിത്രത്തിൽ രോഗചികിത്സാപരമായി പ്രാധാന്യമുള്ള ഒരു ക്ഷതം (lesion) ദൃശ്യമാകുകയും ചെയ്യുന്നുവെങ്കിൽ അതിനെയും മസ്തിക്ഷാകാഘാതമായി നി‌‌ർവചിക്കാം എന്നാണു നിലവിലെ വൈദ്യശാസ്ത്ര സമവായം.
 
കാരണങ്ങൾ
 
തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടവ് സംഭവിക്കുകയോ രക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തന്മൂലം മസ്തിഷ്കകലകൾക്ക് ലഭിക്കുന്ന ജീവവായുവും പോഷകങ്ങളും തടയപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകൾമൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിയുക, വിവിധപ്രവർത്തികൾ ചെയ്യാൻ പറ്റായ്‌‌ക, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ചിലത് രോഗിയിൽ ദൃശ്യമാകുന്നു. ബോധക്ഷയം, തലകറക്കം, സ്ഥലകാലബോധം നഷ്ടമാകൽ, അപസ്മാരം (ജന്നി),തലവേദന എന്നിവയും ലക്ഷണങ്ങളിലുൾപ്പെടാം.
 
ചികിത്സാമാർഗങ്ങൾ
 
രോഗിയെ 4 മണിക്കൂറിനുള്ളിൽ പരിശോധിക്കാനായാൽ, ചികിത്സ ആരംഭിക്കുന്നത് പ്രത്യേകതരം സി.ടി. (കംപ്യൂട്ടർ ടോമോഗ്രഫി), അല്ലെങ്കിൽ ­എം.ആർ.ഐ. (മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്) എന്നിവയിലൂടെ തലച്ചോറിൽ രക്തസ്രാവമില്ലെന്നുറപ്പാക്കി, രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ ഞരമ്പിലൂടെ (ഇൻട്രാവീനസ് ത്രോമ്പോളിസിസ്) നൽകിക്കൊണ്ടാണ്. ആധുനിക ഇമേജിങ്ങിനോടൊപ്പം ഒമ്പത് മണിക്കൂർവരെയും ചില പ്രത്യേക സാഹചര്യങ്ങളിൽ ത്രോമ്പോളിറ്റ് മരുന്നുകൾ നൽകാം എന്ന് പഠനങ്ങളുണ്ട്.
 
അതിനോടൊപ്പം, വലിയ മഹാധമനികളിൽ തടസ്സമുണ്ടോയെന്ന് കണ്ടെത്താൻ, ഒരു സി.ടി. ആൻജിയോഗ്രാഫിയോ എം.ആർ. ആൻജിയോഗ്രാഫിയോ ചെയ്യും. ഇഷ്കിമിക് മസ്തിഷ്കാഘാതമുണ്ടായ രോഗി ആറ് മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തുന്നതെങ്കിൽ ഒരു പ്രത്യേക സി.ടി., എം.ആർ. പെർഫ്യൂഷൻ സ്കാൻ എന്നിവ നടത്തി തലച്ചോറിന്റെ നശിച്ചുപോയ മേഖലകളും പ്രവർത്തനം വീണ്ടെടുക്കാനാകുന്ന മേഖലകളും വേർതിരിച്ചറിഞ്ഞശേഷവുമാണ് ചികിത്സ തീരുമാനിക്കുന്നത്.
 
ഇൻട്രാവെനസ് ത്രോമ്പോളിസിസ് (ഐ.വി.ടി.): രക്തക്കട്ട അലിയിക്കുന്ന അൾട്ടിപ്ലേസ്, ടെനക്റ്റിപ്ലേസ് എന്നിവ ഞരമ്പിലൂടെ നൽകി ചെയ്യുന്ന ചികിത്സ. രോഗലക്ഷണങ്ങൾ ഉണ്ടായശേഷം ­­­4 മണിക്കൂറിനുള്ളിൽത്തന്നെ അത് നൽകേണ്ടതുണ്ട്.മെക്കാനിക്കൽ ത്രോമ്പക്ടമി (എം.ടി.): ഒരു ചെറിയ കത്തീറ്ററും സ്റ്റെന്റ് റിട്രൈവറുകളും ആസ്പിറേഷൻ കത്തീറ്ററുകളുമുപയോഗിച്ച് തടസ്സമുണ്ടായ രക്തക്കുഴലിലെ രക്തക്കെട്ട് യാന്ത്രികമായി നീക്കംചെയ്യുന്നതാണ് മെക്കാനിക്കൽ ത്രോമ്പെക്ടമി. തലച്ചോറിലെ വലിയ മഹാധമനികളിലെ തടസ്സത്താലുണ്ടാകുന്ന സാമാന്യമോ ഗുരുതരമോ ആയ മസ്തിഷ്കാഘാതത്തിന്റെ ചികിത്സയ്ക്കായി 2015 മുതൽ മെക്കാനിക്കൽ ത്രോമ്പെക്ടമി അംഗീകൃതമായ പരിചരണമാർഗമായി ഉപയോഗിക്കുന്നു. ത്രോമ്പെക്ടമി ചെയ്തില്ലെങ്കിൽ രോഗിക്ക് സ്ഥിരമായ വൈകല്യമുണ്ടാവുകയും അതിജീവിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും.
 
ചികിത്സയ്ക്കുള്ള വെല്ലുവിളികളും പരിഹാരവും
 
60 മിനിറ്റിനകം രോഗിയെ പ്രാഥമിക മസ്തിഷ്കാഘാത പരിചരണകേന്ദ്രത്തിൽ എത്തിക്കുക എന്നതാണ് വിജയകരമായ ചികിത്സയിലെ പ്രധാനനടപടി. അടിയന്തര ചികിത്സാമുറിയിൽ രോഗിയെ എത്തിക്കുന്നതിലുള്ള കാലതാമസത്തിന് കാരണമായ ഏറ്റവും പ്രധാനമായ മൂന്ന് ഘടകങ്ങളാണ് - അടിയന്തര ചികിത്സ നൽകുന്നതിലുള്ള പരാജയം, ഉടൻ ആശുപത്രിയിലെത്താനാവാതിരിക്കുക, മസ്തിഷ്കാഘാതമാണെന്ന് കുടുംബത്തിന് തിരിച്ചറിയാൻ കഴിയാതിരിക്കുക എന്നിവ.
 
എല്ലാ മസ്തിഷ്കാഘാത ചികിത്സാകേന്ദ്രങ്ങളിലെയും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർട്ടിഫിക്കേഷൻ നടപടികൾ നടത്തേണ്ടതുണ്ട്. മെക്കാനിക്കൽ ത്രോമ്പെക്ടമി ചികിത്സയുടെ പരിശീലനം കൂടുതൽ ഫിസിഷ്യന്മാർക്ക് ലഭ്യമാകുന്നതിനായി ന്യൂറോളജിസ്റ്റുകൾക്കും ന്യൂറോസർജന്മാർക്കും ന്യൂറോ റേഡിയോളജിസ്റ്റുകൾക്കും ചെയ്യാവുന്ന ന്യൂറോ ഇന്റർവെൻഷനിസ്റ്റ് ഫെലോഷിപ്പ് പ്രോഗ്രാമിന്റെ എണ്ണം കൂടുതൽ ലഭ്യമാക്കണം.
 
ഇന്ത്യയിലെ സാഹചര്യത്തിൽ മെക്കാനിക്കൽ ത്രോമ്പെക്ടമിക്ക് ഏകദേശം മൂന്നുമുതൽ അഞ്ചുലക്ഷം രൂപവരെ ചെലവാകും. നമ്മുടെ രാജ്യത്തെ പ്രതിശീർഷവരുമാനത്തിന്റെ അനേകം മടങ്ങ് വലുതാണിത്. വിലനിയന്ത്രണത്തിന് സർക്കാർ അടിയന്തരമായി മാർഗരേഖ പുറപ്പെടുവി​ക്കണം.പാവപ്പെട്ടവർക്ക് ചികിത്സ ലഭ്യമാകുംവിധം ത്രോമ്പോളിസിസ്, ത്രോമ്പെക്ടമി പാക്കേജുകൾ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. കേരളത്തിലിപ്പോൾ ഒന്പത് മസ്തിഷ്കാഘാത പരിചരണകേന്ദ്രങ്ങൾ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമായുണ്ട്. ഓരോ മിനിറ്റിലും 1.9 ദശലക്ഷം ന്യൂറോണുകൾ നഷ്ടപ്പെടുമെന്നതിനാൽ തലച്ചോറാണെന്നതുകൊണ്ട് സൗകര്യങ്ങളില്ലാത്തെ കേന്ദ്രങ്ങളിൽ സമയം നഷ്ടപ്പെടുത്താതിരിക്കുക എന്നത് പ്രധാനമാണ്.
 
ത്രോമ്പെക്ടമി സംരംഭം 2020+ (എം.ടി. 2020+)
 
വലിയ മഹാധമനികളിൽ തടസ്സമുണ്ടാകുന്ന മസ്തിഷ്കാഘാത ചികിത്സയ്ക്കായി, അടിയന്തര ത്രോമ്പെക്ടമി ലഭ്യമാക്കുന്നതിനുവേണ്ടി, സൊസൈറ്റി ഓഫ് വാസ്കുലാർ ആൻഡ് ഇന്റർവെൻഷണൽ ന്യൂറോളജി (എസ്.ബി.­ഐ.എൻ.) മുൻകൈയെടുക്കുന്ന ലോകവ്യാപകമായ പ്രചാരണമാണിത്. പൊതുജനാരോഗ്യ ഇടപെടലിലൂടെയും വിവിധമേഖലകളിലെ മസ്തിഷ്കാഘാത ത്രോമ്പെക്ടമി സംവിധാനത്തിലെ മെച്ചപ്പെട്ട നടപടികളിലൂടെയും ലക്ഷ്യം കൈവരിക്കാൻ ഈ പ്രചാരണം ഉദ്ദേശിക്കുന്നു. ഇന്ത്യയിലെ തടസ്സങ്ങൾ പരിശോധിക്കുകയും വിവിധമേഖലകളിൽ എം.ടി.യുടെ ഉപയോഗം വർധിപ്പിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
 
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക.
 
രക്തമർദ്ദം, കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവ നിയന്ത്രിച്ചു നിർത്തൽ, സ്ഥിരമായ വ്യായാമം, പുകവലിയൊഴിവാക്കൽ എന്നിവയിലൂടെ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം. നേരത്തേ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗിക്ക് അടിയന്തര ചികിത്സ നൽകുകയാണെങ്കിൽ നാഡീക്ഷയത്തിന്റെയും പക്ഷാഘാതത്തിന്റെയും ആക്കം കുറയ്ക്കാനാവും.
 
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Related Articles