മുമ്പത്തെ കാലങ്ങളെ അപേക്ഷിച്ച് വൈകിയുള്ള ഗര്‍ഭധാരണം ഇപ്പോള്‍ സര്‍വസാധാരണമാണ്. പലപ്പോഴും ഉന്നത വിദ്യാഭ്യാസവും ജോലിയുമെല്ലാം നേടിയ ശേഷം മാത്രമാണ് യുവതികള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നത്. ഇത്തരം കാര്യങ്ങളില്‍ നല്ല തോതിലുള്ള 'പ്ലാനിംഗ്' വേണമെന്നാണ് യുവാക്കളും പൊതുവേ അഭിപ്രായപ്പെടുന്നത്. സാമൂഹികവും സാമ്പത്തികവുമായി അല്‍പമെങ്കിലും സുരക്ഷ നേടാതെ എങ്ങനെയാണ് കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൂടി കൊണ്ടുവരികയെന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ ചില അപകടസാധ്യതകള്‍ കൂടി മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ചെറുപ്പക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. 35 വയസ്സിന് ശേഷമുള്ള ഗര്‍ഭധാരണമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇത് അമ്മയുടെ ആരോഗ്യത്തെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. വൈകിയുള്ള ഗര്‍ഭധാരണം ഒരു 'റിസ്‌ക്' എടുക്കല്‍ തന്നെയാണെന്നാണ് കാനഡയിലെ ആല്‍ബെര്‍ട്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ ഒരു പഠനവും നടത്തി. പ്രായം ഏറുന്നതിന് അനുസരിച്ച് പ്രസവത്തിനുള്ള ബുദ്ധിമുട്ടുകള്‍ കൂടിവരുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മാത്രമല്ല, ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെങ്കില്‍ ആ കുഞ്ഞിന്റെ ഹൃദയത്തിന് വരെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വൈകിയുള്ള ഗര്‍ഭധാരണം ഇടയാക്കുമത്രേ. 40 വയസ്സിന് ശേഷമുള്ള ഗര്‍ഭധാരണത്തില്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇത് സ്വാഭാവികമായും പ്രസവത്തെയും ബാധിക്കും. മിക്കപ്പോഴും സുഖപ്രസവം ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക് സാധ്യമാകാറില്ല. എങ്കിലും ഡോക്ടര്‍മാരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടാനാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?