ഇന്ത്യൻ സിനിമയുടെ ഷെഹൻഷാ അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. എൺപതാം വയസ്സിലും സൂപ്പർ മെഗാ സ്റ്റാർ എന്ന താരപദവിയിൽ തുടരുന്ന അത്ഭുതത്തിന്‍റെ പേരാണ് അമിതാഭ് ബച്ചൻ. ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് അമിതാഭ് ബച്ചനെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാക്കുന്നത്. ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്ദത്തിന്‍റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലെ ചക്രവർത്തി കസേരയിലേക്ക് ആദ്യ ചുവട് വെച്ചത്. കവിയായ ഹരിവംശ് റായ് ബച്ചന്‍റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്‍റെയും മൂത്ത പുത്രന്‍റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്‍റെ വിഖ്യാതമായ 'ഭുവൻ ഷോ'മിന്‍റെ ആഖ്യാതാവായിട്ട്. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്‍റെ 'സാത് ഹിന്ദുസ്താനി'യിൽ. ഉത്പൽ ദത്ത്, മധു, അൻവർ അലി, ജലാൽ ആഗ തുടങ്ങിയ പ്രമുഖർക്കൊപ്പം തുടക്കക്കാരന്‍റെ ആകുലതകളില്ലാതെ അമിതാഭ് അഭിനയിച്ചു. മെലിഞ്ഞ് കൊലുന്നനെ നീണ്ട പുതിയ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ 'ആനന്ദി'ൽ. അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്‍റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്കറായി അമിതാഭ് മിന്നി.അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്‍റെ സിനിമാ മുഖമാക്കിയത് സഞ്ജീർ ആണ്. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചു. യാഷ് ചോപ്രക്കൊപ്പം പ്രണയ നായകനായി തിളങ്ങിയ സിനിമകൾ വേറെ. 'ഷോലെ', 'നമക് ഹരം', 'അമർ അക്ബർ ആന്‍റണി', 'കഭീ കഭീ', 'അഭിമാൻ', 'മജ്ബൂർ', 'ചുപ്കെ ചുപ്കെ', 'ദീവാർ', 'മിസ്റ്റർ നടവ്ർ ലാൽ' അങ്ങനെ അങ്ങനെ... പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് വാണു.82-ൽ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് അദ്ദേഹം മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. എന്നാല്‍, തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപിച്ച് ബച്ചൻ അഭ്രപാളിയിലേക്ക് തിരിച്ചെത്തി. പ്രാർത്ഥനകളുമായി കഴിഞ്ഞ ആരാധക ലോകം അദ്ദേഹത്തിന്‍റെ മടങ്ങിവരവ് ഉത്സവമാക്കി. രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനെടുത്ത ഇടവേളക്ക് ശേഷം ബച്ചൻ, തന്‍റെ അഭിനയത്തിലേക്ക് തിരിച്ചെത്തി. മികച്ച നടനുള്ള ആദ്യ ഗേശീയ പുരസ്കാരം 'അഗ്നിപഥി'ലൂടെ കിട്ടിയത് ഒഴിച്ച് നിർത്തിയാൽ ബച്ചന്‍റെ അഭിനയ ജീവിതത്തിവലെ തിളക്കം കുറഞ്ഞ ഒരേടായിരുന്നു ആ കാലഘട്ടം. വീണ്ടുമൊരു തിരിച്ചുവരവിന് ബച്ചൻ കോപ്പുകൂട്ടുകയായിരുന്നു, അക്കാലയളവില്‍ എന്ന് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം തെളിയിച്ചു. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളുമായി ബച്ചൻ ശരിക്കും മിന്നിച്ചു. 'ബ്ലാക്കും' 'പാ'യും' 'പീകു'വും പിന്നെയും എത്തിച്ചു ദേശീയ പുരസ്കാരങ്ങൾ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?