ട്വിസ്റ്റുകളാല്‍ അമ്പരപ്പിച്ച് രാഷ്‍ട്രീയ കരുനീക്കങ്ങളുടെ 'വരാല്‍'

  • 14/10/2022



രാഷ്‍ട്രീയം മലയാള സിനിമയുടെ പ്രിയപ്പെട്ട പ്രമേയങ്ങളില്‍ ഒന്നാണ്. പൊളിറ്റിക്കല്‍ ത്രില്ലറാണെങ്കില്‍ മലയാളി പ്രേക്ഷകരുടെ ആവേശം ഏറുമെന്നത് പ്രത്യേകം പറയേണ്ട കാര്യമല്ല. അത്തരമൊരു ഴോണറില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വരാല്‍'. വൻ താരനിരയുമായി ഒട്ടേറെ ട്വിസ്റ്റുകളുമായി അമ്പരപ്പിക്കുന്ന ഒരു പൊളിറ്റിിക്കല്‍ ത്രില്ലര്‍ സിനിമാനുഭവമാണ് തീര്‍ച്ചയായും 'വരാല്‍'.

കേരള രാഷ്‍ട്രീയമാണ് 'വരാലി'ന്റെ പശ്ചാത്തലം. തുടര്‍ച്ചയായി രണ്ട് തവണ അഞ്ച് വര്‍ഷം വീതം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന വലതുപക്ഷം. കേരളം ഒരു തെരഞ്ഞെടുപ്പിന് വീണ്ടും ഒരുങ്ങുന്നു. തെരഞ്ഞെടുപ്പില്‍ ആരാകും വലതുപക്ഷ മുന്നണിയെ നയിക്കുക?. തീരുമാനം വലതു മുന്നണിയിലെ പതിവുപോലെ ഹൈക്കമാൻഡിന് വിടുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു പേരുകാരനെയാണ് വലതുപക്ഷ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഹൈക്കമാൻഡ് നിര്‍ദ്ദേശിക്കുന്നത്. വലതുമുന്നണിയുടെ യുവനിരയില്‍ നിര്‍ണായക സ്വാധീനമുള്ളതും വ്യവസായിയുമായ 'ഡേവിഡ് ജോണ്‍ മേടയില്‍' മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരുന്നതാണ് 'വരാലി'ന്റെ കഥയുടെ തുടക്കം.

കേവലമൊരു രാഷ്‍ട്രീയ സിനിമ മാത്രമല്ല 'വരാല്‍'. ത്രില്ലിംഗ് അനുഭവത്തിനും പ്രധാന്യം നല്‍കികൊണ്ടാണ് തിരക്കഥാകൃത്തായ അനൂപ് മേനോന്റെ എഴുത്ത്. കൃത്യമായ പശ്ചാത്തലത്തിലാണ് നായകനെ തിരക്കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. 'ഡേവിഡ് ജോണ്‍ മേടയില്‍' എന്തുകൊണ്ട് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു എന്നതിന് അടിത്തറയുള്ള ഒരു മുൻകാല അനുഭവവുമുണ്ട്. 

ഇടതുപക്ഷനേതാവിന്റെ മകൻ എങ്ങനെ വലതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരുന്നുവെന്ന് കാര്യകാരണ സഹിതം അവതരിപ്പിക്കുന്നുണ്ട് അനൂപ് മേനോൻ. വൈകാരികമായ ഒരു തലം കൂടിയുണ്ട് വലതുപക്ഷ രാഷ്‍ട്രീയ നേതാവായുള്ള 'ഡേവിഡ് ജോണ്‍ മേടയിലി'ന്റെ വളര്‍ച്ചയ്‍ക്ക്. അതിനാല്‍ തന്നെ നായകകഥാപാത്രം പ്രേക്ഷകനുമായി കൃത്യമായി കണക്റ്റ് ചെയ്യുകയും ചെയ്യുന്നു.

അനൂപ് മേനോന്റെ ബ്രില്യന്റായ തിരക്കഥ തന്നെയാണ് 'വരാലിന്റെ' നട്ടെല്ല്. അനൂപ് മേനോന്റെ തിരക്കഥ അര്‍ഹിക്കുന്ന സിനിമാരൂപം നല്‍കുന്നതില്‍ സംവിധായകൻ കണ്ണൻ താമരക്കുളവും വിജയിച്ചിരിക്കുന്നു. കേവലം വാക്കുകള്‍ കൊണ്ടുള്ള കഥ പറച്ചിലാക്കാതെ കാഴ്‍ചയുടെ വിനിമയവും സാധ്യമാക്കിയാണ് കണ്ണൻ താമരക്കുളം 'വരാല്‍' സിനിമാനുഭവമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചടുലതയോടെയുള്ള ആഖ്യാനമാണ് കഥ പറയാൻ സ്വീകരിച്ചിരിക്കുന്നത് എന്നതും പരാമര്‍ശമര്‍ഹിക്കുന്നു.

Related Articles