ദോഹ: ഓൺലൈൻ സാങ്കേതികത സർവ വ്യാപകമായതോടെ എന്ത് കാര്യമറിയാനും ഗൂഗിൾ സെർച്ചിനെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ കൂടുതലായി ഗൂഗ്ള്‍ തിരയുന്ന രീതി തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് ഖത്തറിലെ ബ്രെയിന്‍ സയന്‍സ് വിദഗ്ധന്‍ മുന്നറിയിപ്പ് നൽകി. ഗൂഗിൾ സെർച്ച് പതിവാക്കുന്നത് ഓര്‍മശക്തിയെ ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള സമയത്ത് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ഒരാളുടെ കഴിവിനെ ബാധിച്ചേക്കാമെന്നും അപ്ലൈഡ് ബ്രെയിന്‍ സയന്‍സസിലെ വിദഗ്ധനായ ഡോ. ജാമില്‍ ബാബിലി പറഞ്ഞു.ന്യൂറോസയന്‍സസില്‍ വിദഗ്ധനായ ഇദ്ദേഹം, മിഡിലീസ്റ്റിലെ തന്നെ പ്രമുഖ ന്യൂറോഫീഡ്ബാക്ക് സേവനത്തില്‍ വിദഗ്ധനാണ്. അറിയാത്ത കാര്യങ്ങള്‍ തിരയുന്നതിനോടൊപ്പം പെട്ടെന്ന് ഓര്‍മയില്‍ വരാത്ത കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കാതെ നേരെ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളെ ആശ്രയിക്കുന്നത് തലച്ചോറിന്റെ ഓര്‍മ ശക്തിയെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴാണ് നമ്മുടെ ഓര്‍മ ശക്തിയുടെ മൂര്‍ച്ച കൂടുന്നത്. ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ജാമില്‍ ബാബിലി ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തേ നമ്മുടെ ഓര്‍മ്മ ശക്തിയെയായിരുന്നു വിവരങ്ങള്‍ വീണ്ടെടുക്കാന്‍ നാം പ്രധാനമായും ആശ്രയിച്ചിരുന്നത്. നാം സ്‌കൂളിലും കോളേജിലും പഠിച്ച കാര്യങ്ങളില്‍ നിന്നും പത്രങ്ങളിലും മറ്റും വായിച്ചവയില്‍ നിന്നുമാണ് നമുക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അന്ന് പഠിക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ ഭാവിയിലേക്ക് ഓര്‍ത്തുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അത് ചെയ്തിരുന്നത്. ഇത് നമ്മുടെ ഓര്‍മ ശക്തിയെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. ഒന്നും പ്രത്യേകിച്ച് ഓര്‍ത്ത് വയ്‌ക്കേണ്ടതില്ലെന്ന ധാരണയാണ്. എന്തറിയാനും മൊബൈലില്‍ ഗൂള്‍ള്‍ സെര്‍ച്ച് വഴി കണ്ടെത്താന്‍ കഴിയും എന്നു വന്നതോടെ കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കണമെന്നില്ല എന്ന ധാരണയാണിപ്പോള്‍. ഹ്യൂമന്‍ മെമ്മറി പ്രവര്‍ത്തിപ്പിക്കാതെ അലമായിടുന്നത് അതിന്റെ അപചയത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.ഓര്‍മ്മക്കുറവ് ഉണ്ടാവാന്‍ കൂടുതല്‍ സാധ്യതയുള്ളത് പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ വഴക്കമുള്ള നാഡീവ്യൂഹം കുറവാണ്. ജീവിതത്തില്‍ കൂടുതല്‍ ആഘാതങ്ങളും പ്രശ്നങ്ങളും നേരിടാനുള്ള കരുത്ത് പുരുഷന്മാരുടെ നാഡീവ്യൂഹത്തിനുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് അങ്ങനെയല്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ ദൈനംദിന സമ്മര്‍ദ്ദം തലച്ചോറില്‍ അടിഞ്ഞുകൂടുകയും ആവശ്യമുള്ള സമയത്ത് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള കഴിവിനെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി.വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഉയര്‍ന്ന കൃത്യതയോടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഓപ്പണ്‍ എഐ സ്മാര്‍ട്ട് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ഉപയോഗത്തെക്കുറിച്ച്ുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഇക്കാലത്ത് മനുഷ്യന്റെ ഓര്‍മശക്തിക്ക് എന്ത് സംഭവിക്കുമെന്ന പറയാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ചാറ്റ്ജിപിടി സാങ്കേതികവിദ്യ ഉടന്‍ തന്നെ ഗൂഗിള്‍, ബിംഗ് തുടങ്ങിയ വലിയ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് നേരിട്ടുള്ള ഭീഷണിയായി മാറിയേക്കാം. ഗൂഗ്ള്‍ പോലെയുള്ള സേര്‍ച്ച് എഞ്ചിനുകള്‍ക്ക് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ സേര്‍ച്ച് സംവിധാനങ്ങളിലേക്ക് സാങ്കേതികവിദ്യ മാറുമ്പോള്‍ മനുഷ്യന്റെ തലച്ചോറിലും ഓര്‍മശക്തിയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം അതിഭീകരമായിരിക്കുമെന്നും ഡോ. ജാമില്‍ ബാബിലി അഭിപ്രായപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?