വായിലെ അര്‍ബുദം പലതരം; ലക്ഷണങ്ങള്‍ ഇവ

  • 10/05/2023


വായ്ക്കുള്ളിലെ ഏതൊരിടത്ത് ആരംഭിക്കുന്ന അര്‍ബുദ വളര്‍ച്ചയെയും പൊതുവായി മൗത്ത് അഥവാ ഓറല്‍ കാന്‍സര്‍ എന്ന് പറയും. എന്നാല്‍ ഇത് കവിളിനുള്ളില്‍, മോണയില്‍, നാക്കില്‍, ചുണ്ടില്‍ അങ്ങനെ പല തരത്തിലുണ്ട്. അര്‍ബുദ വളര്‍ച്ചയുടെ ഇടത്തിന് അനുസരിച്ചുള്ള ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. 

കവിളിനുള്ളില്‍ ആരംഭിക്കുന്ന അര്‍ബുദത്തെ ഇന്നര്‍ ചീക്ക് കാന്‍സര്‍, ബക്കല്‍ മ്യൂകോസ് കാന്‍സര്‍ എന്നെല്ലാം വിളിക്കാറുണ്ട്. കവിളിന്‍റെ ഉള്ളിലെ പാളിയിലുള്ള കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതിനെ തുടര്‍ന്നാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്

1. വായ്ക്കുള്ളില്‍ വെളുപ്പോ ചുവപ്പോ ഇരുണ്ട നിറത്തിലോ പാടുകൾ
2. കവിളിനുള്ളില്‍ ചെറിയ മുഴയോ തടിപ്പോ
3. വായ്ക്ക് വേദനയും മരവിപ്പും
4. താടിയെല്ല്  അനക്കാന്‍ ബുദ്ധിമുട്ട്
5 താടിക്ക് വേദനയും നീര്‍ക്കെട്ടും
6. തൊണ്ടയില്‍ എന്തൊ തടഞ്ഞിരിക്കുന്നത് പോലുള്ള തോന്നല
7. തൊണ്ടവേദന

നാക്കിന് താഴെ വായുടെ അടിഭാഗത്തു വരുന്ന അര്‍ബുദമാണ് മറ്റൊന്ന്. പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗം ഈ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വായിലുണ്ടാകുന്ന ക്രമമായി വഷളാകുന്ന മുറിവാണ് ഇതിന്‍റെ പ്രധാന ലക്ഷണം. വായില്‍ വെളുപ്പ്, ചുവപ്പ്, ഇരുണ്ട നിറത്തിലെ പാട്, വായില്‍ വേദന, തൊണ്ടയില്‍ മുഴ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. മുകളിലത്തെയോ താഴത്തെയോ മോണയില്‍ വരുന്ന അര്‍ബുദം മോണയില്‍ പാടുകള്‍, പൊട്ടല്‍, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. 

വായുടെ മേല്‍ഭാഗത്ത് വരുന്ന ഹാര്‍ഡ് പാലേറ്റ് കാന്‍സറിന്‍റെ ഭാഗമായി ഇവിടെ മുഴയോ വളര്‍ച്ചയോ ഉണ്ടാകുകയും പിന്നീട് രക്തമൊഴുക്ക് സംഭവിക്കുകയും ചെയ്യും. മദ്യപാനം, പുകയില ഉപയോഗം എന്നിവയ്ക്ക് പുറമേ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കേണ്ടി വരുന്നതും ചുണ്ടില്‍ അര്‍ബുദം ഉണ്ടാക്കാം. ചുണ്ടില്‍ കരിയാത്ത മുറിവ്, തടിപ്പ്, മുഴ, രക്തസ്രാവം, വേദന, മരവിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. നാക്കിന്‍റെ അര്‍ബുദം രണ്ട് തരത്തില്‍ വരാം. നാക്കിന്‍റെ സംസാരത്തിന് സഹായിക്കുന്ന ഭാഗത്തും അതിന്‍റെ ഉള്ളിലുള്ള ഭാഗത്തും. നാക്കില്‍ പ്രത്യക്ഷമാകുന്ന വെളുത്തതോ ചുവപ്പോ ഇരുണ്ടതോ ആയ പാടുകള്‍, തൊണ്ട വേദന, നാക്കില്‍ മുഴ, മുറിവ്, ഭക്ഷണം വിഴുങ്ങുമ്പോൾ  വേദന, വായ്ക്ക് മരവിപ്പ്, നാക്കില്‍ നിന്ന് രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.

Related Articles