ഏതർ 450X വില കൂടും, ഇപ്പോള്‍ വാങ്ങിയാല്‍ 32,500 രൂപ വരെ ലാഭിക്കാം

  • 22/05/20232023 ജൂൺ ഒന്നു മുതൽ 450X ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് വില വർധിക്കുമെന്ന് ആതർ എനർജി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെയ് 31 വരെ ഉപഭോക്താക്കള്‍ക്ക് 32,500 രൂപ വരെ ലാഭിക്കാമെന്ന് കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചതായും കേന്ദ്ര സർക്കാർ സബ്‌സിഡി കുറച്ചതിനെ തുടര്‍ന്നാണ് വില കൂട്ടുന്നതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റോക്കുകൾ അവസാനിക്കുന്നത് വരെ ഈ ഓഫർ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 

ഘനവ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 15 ശതമാനം സബ്‌സിഡി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ വില വർധനവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെയിം 2 ഇൻസെന്റീവുകൾ കുറയ്‌ക്കുന്നതിനും വില കൂടുന്നതിനും മുമ്പ് മെയ് 31 വരെ ആതർ എനർജിയുടെ 450X ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 32,500 രൂപ വരെ ലാഭിക്കാമെന്ന് ഇലക്ട്രിക് വാഹന നിർമ്മാതാവ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. 

പിന്തുണ വളരുന്നതിന് സർക്കാർ സബ്‌സിഡികളെ ആശ്രയിക്കുന്നതിന് പകരം ഇവി വ്യവസായം ഉടൻ തന്നെ സ്വന്തം കാലിൽ നിൽക്കണമെന്ന് ആതർ എനർജിയുടെ സിഇഒ തരുൺ മേത്ത ട്വീറ്റില്‍ പറഞ്ഞു. 2019ൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 30,000 രൂപ സബ്‌സിഡി സർക്കാർ പ്രഖ്യാപിച്ചിരുന്നെന്നും തുടർന്ന് 2021ൽ അത് ഇരട്ടിയാക്കി 60,000 രൂപയായി ഉയർത്തിയെന്നും പറഞ്ഞ മേത്ത 2023-ൽ അത് 22,000 ആയി സര്‍ക്കാര്‍ കുറച്ചെന്നും കുറ്റപ്പെടുത്തി.

ഫെയിം 2 സബ്‌സിഡി ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന മൊത്തം 24 ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾ കഴിഞ്ഞയാഴ്ച യോഗം ചേർന്ന് മുന്നോട്ടുള്ള തന്ത്രം ചർച്ച ചെയ്‍തിരുന്നു. ഫെയിം സ്‍കീമിന് കീഴിലുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള ഇൻസെന്റീവുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വ്യവസായത്തിന് ഒരു പ്രധാന പ്രോത്സാഹനമായി മാറിയിട്ടുണ്ട്. ഫെയിം സ്‍കീം ഇൻസെന്റീവുകൾക്കൊപ്പം, ചില സംസ്ഥാനങ്ങള്‍ അതാത് സംസ്ഥാന ഇവി പോളിസി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇതും ഇവി വില്‍പ്പനയെ ത്വരിതപ്പെടുത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. 

കാരണം ഇത്തരം സബ്‍സിഡികള്‍ ഇലക്ട്രിക് ഇരുചക്ര വാഹനത്തിന്റെ മുൻകൂർ ചെലവ് ഗണ്യമായി കുറയ്ക്കുന്നു. രാജ്യത്തുടനീളമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വളർച്ചയ്ക്ക് ഇത് കാരണമായതിൽ അതിശയിക്കാനില്ല. അതുകൊണ്ടു തന്നെ ഫെയിം 2 ഇൻസെന്റീവുകൾ വെട്ടിക്കുറയ്ക്കുകയും ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കൾ അവരുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിക്കുകയും ചെയ്യുന്നതോടെ, വ്യവസായവും ഇവി ഉപഭോക്താക്കളും എങ്ങനെ ആഘാതം നേരിടുന്നുവെന്ന് കണ്ടറിയണം.

Related Articles