ഇന്ത്യയിൽ പുതിയ ഇരുചക്ര വാഹനങ്ങളെ അവതരിപ്പിക്കാനുള്ള തിരക്കിൽ ജപ്പാൻ

  • 16/06/2023



ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യയിൽ പുതിയ ഇരുചക്ര വാഹനങ്ങളെ അവതരിപ്പിക്കാനുള്ള തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ പെട്രോളിൽ ഓടുന്ന ചില ഇരുചക്ര വാഹനങ്ങളുടെ പേറ്റന്റ് ഫയൽ ചെയ്‍ത കമ്പനി ഇപ്പോൾ രണ്ട് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പേരുകൾക്കും പേറ്റന്റ് ഫയൽ ചെയ്‍തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഡാക്സ് ഇ, സൂമര്‍ ഇ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍ എന്നാണ് വിവരം. അതേസമയം പുതിയ ഇലക്ട്രിക് സ്‍കൂട്ടറിനായി പേറ്റന്‍റ് അപേക്ഷ ഫയൽ ചെയ്‍തിട്ടുണ്ടെങ്കിലും ഈ ഇലക്ട്രിക് സ്‍കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. 

ഇന്ത്യൻ വിപണിയിൽ കമ്പനി ഇതിനകം മറ്റു ചില പേരുകൾക്കും ഹോണ്ട പേറ്റന്‍റ് അപേക്ഷ ഫയല്‍ ചെയ്‍തിട്ടുണ്ട്. ഡാക്സ് ഇ, സൂമര്‍ ഇ എന്നിവയ്‌ക്കായി പേറ്റന്റുകൾ ഫയൽ ചെയ്യുന്നതിന് മുമ്പ്, കമ്പനി പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളായ ഹോണ്ട CBR250RR, ഹോണ്ട CL300 എന്നിവയ്‌ക്ക് പേറ്റന്റുകൾ ഫയൽ ചെയ്‍തിരുന്നു. എന്നാൽ ഇവയുടെയൊന്നും ലോഞ്ച് സംബന്ധിച്ച് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

2023 ജനുവരി 10-ന്, ഹോണ്ട അതിന്റെ ഐക്കണിക് മോഡലുകളുടെ മാതൃകയിലുള്ള ഡാക്സ്, സൂമർ, കബ് എന്നീ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. തുടക്കത്തിൽ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്‍ത ഈ ആകർഷകമായ ഇലക്ട്രിക് മോപ്പഡുകളില്‍ രണ്ടെണ്ണമായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഹോണ്ട ഡാക്സ് ഇ, ഹോണ്ട സൂമർ ഇ എന്നിവ ചെറിയ വലിപ്പത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഈ രണ്ട് മോഡലുകളും ഐക്കണിക് സൂമർ സ്‌കൂട്ടറിനെയും ഡാക്‌സ് മിനി ബൈക്കിനെയും അനുസ്മരിപ്പിക്കുന്ന സ്റ്റൈലിംഗ് ഫീച്ചർ ചെയ്യുന്നു. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളിലും ബോഷ് ഹബ് മോട്ടോറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ ഇത് 80 കിലോമീറ്റർ വരെ ഓടും. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് സ്‍കൂട്ടറിന് കഴിയും.

Related Articles