'ജാക്‌സണ്‍ ബസാര്‍' ഓര്‍മ്മിപ്പിക്കുന്ന ദളിത് കസ്റ്റഡി കൊലപാതകങ്ങള്‍

  • 27/05/2023



ഗൗരവമുള്ള ചര്‍ച്ചകളില്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുള്ള ഒന്നാണ് മലയാള സിനിമകളിലെ അരാഷ്ട്രീയത. ഒരുകാലത്ത് കൊട്ടിഘോഷിക്കപ്പെട്ട ചിത്രങ്ങള്‍ പോലും പില്‍ക്കാല രാഷ്ട്രീയ വായനകളില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ചുറ്റുപാടുകളിലെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ പശ്ചാത്തലമാക്കുന്ന ചിത്രങ്ങള്‍ കോളിവുഡിലും മറ്റും ഉണ്ടാവാറുണ്ടെങ്കിലും മുഖ്യധാരാ മലയാള സിനിമയെ സംബന്ധിച്ച് അങ്ങനെയല്ല. എന്നാല്‍ അപൂര്‍വ്വമായി അത്തരം ചിത്രങ്ങള്‍ ഉണ്ടാവാറുമുണ്ട്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്സണ്‍ ബസാര്‍ യൂത്ത്.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യര്‍ അനുഭവിക്കുന്ന നീതികേടിന്റെ ചരിത്രത്തിലേക്കുള്ള നോട്ടമാവുന്നുണ്ട് ഈ ചിത്രം. കോളനികളിലും പുറമ്പോക്ക് ഭൂമികളിലും ഇന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെയോ പരിമിത സൗകര്യങ്ങളിലോ കഴിഞ്ഞുകൂടുന്ന ഒരു വിഭാഗമുണ്ട്. 

സമൂഹത്തിന്റേയും ഭരണസംവിധാനങ്ങളുടെയും പരിഹാസകരവും വിവേചനപൂര്‍ണവുമായ പെരുമാറ്റങ്ങളും ഈ വിഭാഗത്തെ കൂടുതല്‍ പിന്നോട്ടടിക്കുകയാണ്. ഈ മനുഷ്യരിലേക്കാണ് ട്രംപറ്റിന്റെ സംഗീതത്തെ കൂട്ടുപിടിച്ച് ജാക്‌സണ്‍ ബസാര്‍ യൂത്ത് പ്രേക്ഷകരെ കൂട്ടുന്നത്. ബാന്‍ഡ് മേളവും പെരുന്നാളുമായി ഉത്സവാരവങ്ങളോടെ തുടങ്ങുന്ന ചിത്രം പിന്നീട് സമരത്തിലേക്ക് ക്രൂരമായ ലോക്കപ്പ് മര്‍ദനങ്ങളിലേക്കുമാണ് പോകുന്നത്.

അറസ്റ്റ് പോലും രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ പിടിച്ചുവെക്കുന്നതും കാരണമില്ലാതെ അറസ്റ്റ് ചെയ്യുന്നതും ക്രൂരമായ കസ്റ്റഡി പീഡനങ്ങളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്, അതും പച്ചയായി തന്നെ. വാര്‍ത്തകളിലൂടെ കേരളം കേട്ട പല നേരനുഭവങ്ങളെയും ഓര്‍മ്മിക്കുന്നുണ്ട് ചിത്രത്തിലെ രംഗങ്ങള്‍. 2005ലാണ് വാരാപ്പുഴയിലെ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെയ്യാത്ത തെറ്റിനാണ് നിരപരാധിയായ ശ്രീജിത്ത് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 2005ല്‍ തന്നെയാണ് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ മോഷണ കുറ്റം ആരോപിച്ച് പിടിച്ച ഉദയകുമാര്‍ കൊല്ലപ്പെടുന്നത്. ഇതേ വര്‍ഷമാണ് രാജേന്ദ്രന്‍ കൊല്ലം ഈസ്റ്റ് വളപ്പിലെ പൊലീസ് മ്യൂസിയത്തില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദനമേറ്റു മരിച്ചത്. മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു പൊലീസ് രാജേന്ദ്രനെ കസ്റ്റഡിലെടുത്തത്. മദ്യപിച്ച് ബഹളം വച്ചതിനാണ് കോട്ടയം മണര്‍കാട് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കേള്‍ക്കുന്നത് അയാള്‍ ലോക്കപ്പില്‍ മരിച്ചെന്നായിരുന്നു.

പണം തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന് മര്‍ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കൊല ചെയ്യപ്പെട്ട രാജന്‍ മുതല്‍ എണ്ണിയാല്‍ ചേര്‍ത്തല സ്വദേശി ഗോപി, പാലക്കാട് സ്വദേശി സമ്പത്ത്, നെയ്യാറ്റിന്‍കരയിലെ ശ്രീജീവ്, വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ച അബ്ദുള്‍ ലത്തീഫ്, തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ വച്ച് മരണപ്പെട്ട കാളിമുത്തു എന്നിങ്ങനെ ലിസ്റ്റ് നീളും. കസ്റ്റഡിയില്‍ മരണപ്പെട്ടവരില്‍ ഏറിയ പങ്കും ദളിതരോ സ്വാധീനമില്ലാത്ത സാധാരണക്കാരോ ആണെന്നുകാണാം. സാമ്പത്തികമായും സാമൂഹികമായും ഇന്നും പ്രിവിലേജുകളില്ലാത്ത ജനത. ആ വിവേചനത്തിന് മുന്നില്‍ ഒരു മനുഷ്യ ജീവന്‍ പോലും ഒന്നുമല്ലാതാവുന്ന ക്രൂരതയെയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത് ഓര്‍മിപ്പിക്കുന്നത്. ഒരുപക്ഷേ ആ ക്രൂരതകളോടുള്ള രോഷം തന്നെയാവും ക്ലൈമാക്‌സിലെ വയലന്‍സിലൂടെ തിരക്കഥാകൃത്ത് തീര്‍ക്കുന്നത്.

Related Articles