മലബാറിന്റെ റമദാൻ സ്‌പെഷ്യൽ മുട്ടമാല

  • 05/02/2020

മലബാറുകാരുടെ ഒരു തനത് വിഭവമാണ് മുട്ടമാല, പ്രത്യേകിച്ച് തലശ്ശേരിക്കാരുടെ. മുട്ടയും പഞ്ചസാരയും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ നാടൻ വിഭവം ഒരു റംമദാൻ പലഹാരം കൂടിയാണ്.
ആവശ്യമായ സാധനങ്ങൾ

കോഴിമുട്ട – 2 എണ്ണം
പഞ്ചസാര – അര കപ്പ്
വെള്ളം – ഒരു കപ്പ്
ചെറുനാരങ്ങ – 1

തയ്യാറാക്കുന്ന വിധം

മുട്ടയുടെ മുകൾ ഭാഗം പൊട്ടിച്ച്, മഞ്ഞക്കരു മാത്രം എടുത്ത് ഒരു നനവ് ഇല്ലാത്ത പാത്രത്തിലേക്ക് മാറ്റുക. മുട്ട നന്നായി അടിച്ചെടുക്കുക. ഒഴിഞ്ഞ മുട്ടത്തേടിനടിയിൽ ചെറിയൊരു സുഷിരമുണ്ടാക്കി വെക്കുക. പരന്ന പാത്രത്തിൽ വെള്ളമൊഴിച്ച് പഞ്ചസാരയിട്ട് തിളപ്പിക്കുക. പഞ്ചസാര ഉരുകി ചെറുതായി കുറുകുന്നതുവരെ തിളപ്പിക്കണം. പഞ്ചസാര ഉരുകി വരുന്ന പരുവത്തിനെ പഞ്ചസാര സീറെന്നാണ് പറയുന്നത്. നേരത്തേ സുഷിരമുണ്ടാക്കി വെച്ച മുട്ടത്തോടെടുത്ത് സുഷിരമുള്ള ഭാഗം അടച്ചുപിടിച്ച് അടിച്ചുവെച്ച മഞ്ഞ ഒഴിക്കുക. (മുട്ടത്തോടിന് പകരം ഡിസ്‌പോസിബിൾ ഗ്ലാസിലും സുഷിരമുണ്ടാക്കി ഉപയോഗിക്കാം.) ഇതിൽ നിറച്ച് മഞ്ഞ സാവധാനം തിളച്ച പഞ്ചസാര സീറിലേക്ക് ഒഴിക്കുക. ഇത് പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ പഞ്ചസാര സീറിൽ അൽപം നാരങ്ങാനീര് ഒഴിക്കാം. ഇങ്ങനെ ഒഴിക്കുമ്പോൾ സീറിൽനിന്ന് നുര പൊള്ളി വരാം. അപ്പോൾ വെള്ളം തളിച്ചു കൊടുക്കുക. ഇത് ചെറിയ തീയിൽ കുറച്ച് വേവിച്ചതിന് ശേഷം കോരിയെടുക്കാം.

Related Articles