എന്ത് ഭക്ഷണം ഓർഡർ ചെയ്താലും ഒരു കിലോ 'ഫ്രഷ്' ഉരുളക്കിഴങ്ങ് 'ഫ്രീ'

  • 01/03/2021

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. ആ ഓർഡർ ചെയ്ത ഭക്ഷണത്തിന് ഒപ്പം ഓഫറുകളും ഉണ്ടാകരുണ്ട്. അല്ലേ? എന്നാൽ പാകം ചെയ്ത ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ അതിനൊപ്പം പാകം ചെയ്യാത്ത 'ഫ്രഷ്' പച്ചക്കറിയോ പഴങ്ങളോ ഒക്കെ ഏതെങ്കിലും റെസ്‌റ്റോറന്റുകൾ നൽകുമോ? അങ്ങനെയൊരു ഓഫറിനെ കുറിച്ച് നമ്മളാരും ഇതുവരെ കേട്ടുകാണില്ല. 

എന്തായാലും അത്തരമൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ചെയ്‌നായ 'ബർഗർ കിംഗ്'. ഫ്രാൻസിലാണ് വ്യത്യസ്തമായ ഈ ഓഫർ 'ബർഗർ കിംഗ്' മുന്നോട്ടുവച്ചിരിക്കുന്നത്. ഇവരുടെ റെസ്‌റ്റോറന്റിൽ നിന്ന് എന്ത് ഭക്ഷണം ഓർഡർ ചെയ്താലും ഫെബ്രുവരി 2 മുതൽ ഏതാനും ദിവസത്തേക്ക് ഒരു കിലോ ഉരുളക്കിഴങ്ങ് വീതം ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. 

എന്തുകൊണ്ടാണ് ഇത്തരമൊരു ഓഫർ ഇവർ നൽകുന്നതെന്ന് ആരും ചിന്തിക്കാം. അതെ, ഈ തീരുമാനത്തിന് പിന്നിൽ ബർഗർ കിംഗിന് പറയാനൊരു കഥയുണ്ട്. കൊറോണയുടെ  വരവോടുകൂടി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ കച്ചവടമേഖലയെ ആകെയും പ്രതികൂലമായി ബാധിച്ചിരുന്നു. റെസ്റ്റോറന്റുകളെല്ലാം അടഞ്ഞുകിടന്ന മാസങ്ങൾ, അക്കാലത്ത് ഉരുളക്കിഴങ്ങ് കർഷകർ വിളവെടുത്ത ഉരുളക്കിഴങ്ങെല്ലാം വിൽപന നടക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം വന്നു. 

ഈ കർഷകരെ സഹായിക്കുന്നതിനായി 200 ടൺ അധിക ഉരുളക്കിഴങ്ങ് വാങ്ങിയിരിക്കുകയാണ് 'ബർഗർ കിംഗ്'. ഇങ്ങനെ വാങ്ങിയ ഉരുളക്കിഴങ്ങാണ് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുക. ഇക്കാര്യം വിശദമാക്കുന്നൊരു കുറിപ്പും പാർസൽ പൊതിക്കൊപ്പം ചേർത്തുവയ്ക്കാനാണ് തീരുമാനം.

പ്രതിസന്ധിക്കാലത്ത് പരസ്പരം കൈ കൊടുക്കേണ്ടതിന്റെയും ചേർത്തുനിർത്തേണ്ടതിന്റെയും പ്രാധാന്യം ആളുകളിലെത്തിക്കാനാണ് കുറിപ്പ് കൂടി ചേർക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. നേരത്തേ ലോക്ഡൗണിനെ തുടർന്ന് കച്ചവടം കുറഞ്ഞ സാഹചര്യത്തിൽ മറ്റ് ഫുഡ് ചെയ്‌നുകളിൽ നിന്ന് കൂടി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കണമെന്ന് 'ബർഗർ കിംഗ്' സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു.

Related Articles