എന്തു ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? എന്നാൽ ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ....

  • 31/05/2022



വണ്ണം കുറയ്ക്കുകയെന്നാല്‍ അത്ര നിസാരമായൊരു ഉദ്യമമല്ല. വര്‍ക്കൗട്ട്- കൃത്യമായ ഡയറ്റ് എന്നിങ്ങനെ വളരെ പാടുപെട്ടാല്‍ മാത്രമേ കാര്യമായ രീതിയില്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. എന്തായാലും ശരീരഭാരം കുറയ്ക്കുന്നതില്‍ ഡയറ്റിന് തന്നെയാണ് ഏറ്റവും കൂടുതല്‍ പങ്കുള്ളത്. 

നന്നായി വര്‍ക്കൗട്ട് ചെയ്യുന്നവരായാല്‍ പോലും ഡയറ്റില്‍ നിയന്ത്രണമില്ലെങ്കില്‍ തീര്‍ച്ചയായും വണ്ണം കൂടുക തന്നെ ചെയ്യും. ഇതില്‍ ചില ഭക്ഷണങ്ങള്‍ വണ്ണം കൂട്ടാന്‍ ഇടയാക്കും. ചിലതാകട്ടെ വണ്ണം കുറയ്ക്കാനും. പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്ന, വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

കൂണ്‍: കൂണിന് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് കൊഴുപ്പിനെ എരിയിച്ചുകളയാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനിനാല്‍ സമ്പന്നമാണെന്നതിനാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് കൂണ്‍. 

രണ്ട്...

കാരറ്റ് : നമ്മുടെ അടുക്കളകളില്‍ മിക്കപ്പോഴും കാണുന്നൊരു പച്ചക്കറിയാണ് കാരറ്റ്. കലോറി കുറവുള്ളൊരു പച്ചക്കറിയെന്ന നിലയില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ധൈര്യമായി കഴിക്കാം. ഫൈബറിനാല്‍ സമൃദ്ധമായതിനാല്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുകയും അതുവഴിയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

മൂന്ന്...

പൈനാപ്പിള്‍ : ദഹനം എളുപ്പത്തിലാക്കാന്‍ നാം കഴിക്കാന്‍ തെരഞ്ഞെടുക്കുന്നൊരു പഴമാണ് പൈനാപ്പിള്‍. ഫൈബറിനാല്‍ സമ്പന്നമാണ് എന്നതിനാലാണ് പൈനാപ്പിള്‍ ദഹനത്തെ ത്വരിതപ്പെടുത്തുന്നത്. ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നു. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ഒരിനം എന്‍സൈമും വണ്ണം കുറയ്ക്കാന്‍ പരോക്ഷമായി സഹായിക്കും. 

നാല്...

മുട്ട : മിക്ക ദിവസങ്ങളിലും നാം കഴിക്കുന്നൊരു ഭക്ഷണമാണ് മുട്ട. പ്രോട്ടീനിന്‍റെ നല്ലൊരു കലവറയാണ് മുട്ട. ഇത് വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കുകയും ദീര്‍ഘനേരത്തേക്ക് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. നന്നായി വേവിച്ച ഒരു മുട്ടയില്‍ 100ല്‍ താഴെ കലോറിയെ കാണൂ. ഇതും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച അളവാണ്.

അഞ്ച്...

കുക്കുമ്പര്‍ : സലാഡ് ആയാണ് നാം ഏറ്റവുമധികം കുക്കുമ്പര്‍ ഉപയോഗിക്കാറ്. അധികവും വെള്ളവും ഫൈബറുമാണ് ഇതിലടങ്ങിയിരിക്കുന്നത്. കലോറിയുടെ അളവെടുത്താല്‍ കഴിക്കാന്‍ സുരക്ഷിതം എന്നുതന്നെ പറയാം. കൊഴുപ്പ് എരിച്ചുകളയുന്നതിന് കുക്കുമ്പര്‍ ജ്യൂസ് കഴിക്കുന്നവര്‍ തന്നെ ധാരാളമാണ്. 

Related Articles