ആപ്പിൾകറി'യെ ഇന്ത്യയുടെ ദേശീയവിഭവമാക്കി പാചകപുസ്തകം

  • 12/06/2022




ഇന്ത്യൻ പാചകരീതി എപ്പോഴും വൈവിധ്യം നിറഞ്ഞതും ലോകത്താകെ അം​ഗീകരിക്കപ്പെട്ടതുമാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങൾക്കും അതിന്റേതായ പ്രധാന വിഭവമുണ്ട്. എന്നാൽ, രാജ്യത്തിന് ഒരു ദേശീയ വിഭവം ഒന്നുമില്ല. എന്നാൽ, ഒരു പാചകപുസ്തകം ഇന്ത്യയുടെ ദേശീയവിഭവം എന്നും പറഞ്ഞ് ഒരു കറി അവതരിപ്പിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 

ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് 'ഫേമസ് ഫോറിൻ നാഷണൽ ഡിഷസ്' എന്ന പുസ്തകത്തിലെ ഒരു പേജിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതിലാണ് ഇന്ത്യൻകറി എന്ന പേരിൽ ഇന്ത്യയുടെ ദേശീയവിഭവമായി ഒരു കറിയെ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ പാചകക്കുറിപ്പിലെ ചേരുവകളിലൂടെ കടന്നുപോകുമ്പോൾ തികച്ചും വിചിത്രമായി കാണാനാവുന്നത് ആപ്പിൾ ലാണ്. ആപ്പിൾ ഉപയോ​ഗിച്ചു കൊണ്ടുള്ള കറിയെ കുറിച്ചാണ് പുസ്തകത്തിൽ പറ‍ഞ്ഞിരിക്കുന്നത്. എങ്ങനെ ഉണ്ടാക്കണം എന്നതും വിചിത്രമായി തോന്നാം. ആപ്പിളും സവാളയും തൊലി കളഞ്ഞ് മുറിച്ച് രണ്ട് ടേബിൾ സ്പൂൺ വെണ്ണയ്ക്കൊപ്പം ഫ്രയിങ് പാനിലേക്ക് ഇടണം. ഇത് പിന്നീട് മറ്റ് ചേരുവകൾക്കൊപ്പം ചേർത്താണ് കറി ഉണ്ടാക്കുന്നത്. 

എന്നാൽ, ഇതോ‌ടെ റെഡ്ഡിറ്റിലുള്ളവർ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. ആപ്പിൾ വച്ച് ഇങ്ങനെ കറിയുണ്ടാക്കില്ലെന്നും അത് കൊള്ളില്ലെന്നും ഒരു വിഭാ​ഗം പറഞ്ഞപ്പോൾ. ആപ്പിളുപയോ​ഗിച്ച് കറി വയ്ക്കുന്നത് നല്ലതാണ് എന്നാണ് അടുത്ത വിഭാ​ഗത്തിന്റെ അഭിപ്രായം. ഇതൊരു ജാപ്പനീസ് വിഭവം പോലെ ഉണ്ടെന്നും ആളുകൾ അഭിപ്രായപ്പെട്ടു. 

ഇത് ഒരു ജാപ്പനീസ് കറി പോലെ കാണപ്പെടുന്നു. അതുപോലെ, ബ്രിട്ടീഷുകാർ അവരുടെ സൈന്യത്തിന് കൊടുത്തിരുന്ന കറിയിൽ നിന്നും പരിഷ്കരിച്ച ഒന്നായി തോന്നുന്നുവെന്നാണ് ഒരാൾ കുറിച്ചത്. എന്നാൽ, ഈ കറി ഇഷ്ടപ്പെടാനാവാത്ത ഒരാൾ എഴുതിയത്, ആപ്പിൾ കറിയെങ്ങാനും കഴിക്കാൻ തന്നോട് പറഞ്ഞാൽ താൻ വയലന്റാകും എന്നാണ്. മറ്റൊരാൾ കുറച്ചത്, അവർക്ക് ആപ്പിളിന് പകരം മറ്റെന്തെങ്കിലും ഉപയോ​ഗിക്കാമായിരുന്നു എന്നാണ്. അങ്ങനെ ആണെങ്കിൽ ഏതെങ്കിലും ഒരു ഇന്ത്യൻ ​ഗ്രേവി ആയേനെ എന്നും അയാൾ അഭിപ്രായപ്പെട്ടു. 

ഏതായാലും, ആപ്പിൾ കറിയെ ഇന്ത്യയുടെ ദേശീയവിഭവമാക്കിയത് ആളുകളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. ഇതാണ് അവർ കുറിച്ചിരിക്കുന്ന റെസിപ്പി. വേണമെങ്കിൽ ആർക്കെങ്കിലും പരീക്ഷിച്ചും നോക്കാവുന്നതാണ്. 

Related Articles