ടാക്സി ഡ്രൈവർക്ക് പണം നൽകാതെ ഭീഷണിപ്പെടുത്തി; കുവൈത്തിൽ യുവതികൾക്കെതിരെ കേസ്

  • 22/08/2025



കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർക്ക് കൂലി നൽകാതെ ഭീഷണിപ്പെടുത്തുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്ത അൻപതുകാരിയായ യുവതിക്കെതിരെ കേസ്. അബൂ ഹലീഫ പോലീസ് സ്റ്റേഷനിലാണ് സംഭവം.
ഒരു കാൾ ടാക്സി ഡ്രൈവറായ പ്രവാസിയാണ് ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകിയത്. മൂന്ന് സ്ത്രീകളെ ടാക്സിയിൽ കയറ്റിയെന്നും, ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ കൂലി നൽകാതെ ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവർ പരാതിയിൽ പറയുന്നു. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മൂന്നു സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇവർ പോലീസുമായി സഹകരിക്കാൻ തയ്യാറാകാതെ ബഹളം വെച്ചു. 

തുടർന്ന്, വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സമയം, സ്ത്രീകൾ വനിതാ പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.ഇതിനെ തുടർന്ന്, യുവതിക്കെതിരെ ആർട്ടിക്കിൾ 134 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുവൈറ്റ് നിയമത്തിലെ ആർട്ടിക്കിൾ 134 അനുസരിച്ച്, ഡ്യൂട്ടിയിലുള്ള ഒരു പൊതുപ്രവർത്തകനെ വാക്കുകളോ ആംഗ്യങ്ങളോ വഴി അധിക്ഷേപിച്ചാൽ മൂന്ന് മാസം വരെ തടവും 100 മുതൽ 300 വരെ കുവൈത്തി ദിനാർ പിഴയും ലഭിക്കാവുന്നതാണ്.

Related News