ബ്രേക്ഫാസ്റ്റിനു ഗോതമ്പ് പുട്ട് വീട്ടിൽ തന്നെ തയ്യാറാക്കാം

  • 06/02/2020

അരിപ്പൊടിയുടെ പുട്ടാണ് നാം പണ്ടു മുതലേ കഴിക്കുന്നത്. പണ്ട് കാലങ്ങളിൽ വീട്ടിൽ നിന്നും ഉരളിൽ പൊടിച്ച് അരിച്ചെടുത്താണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വന്നതോടെ മിക്സിയിൽ നിന്നും മില്ലിൽ നിന്നും പൊടിക്കാൻ തുടങ്ങി. പിന്നീട് ആളുകൾക്ക് സമയമില്ലാതെ ആയി. കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന പുട്ടുപൊടി ഉപയോഗിക്കാൻ തുടങ്ങി.എന്നാൽ ഇന്ന് പലരും ഗോതമ്പി നെക്കൊണ്ട് പുട്ട് ഉണ്ടാക്കുന്നുണ്ട്. ഗോതമ്പ് കൊണ്ട് എങ്ങനെയാണ് പുട്ടുണ്ടാക്കുന്നതെന്നു നോക്കാം. ഗോതമ്പുപൊടി ചീനച്ചട്ടിയിൽ ഇട്ട് വറുത്തു വയ്ക്കുക. രാവിലെ സമയമില്ലെങ്കിൽ രാത്രി തന്നെ വറുത്തു വയ്ക്കാവുന്നതാണ്. വറുത്തു വച്ച പൊടിയെടുത്ത് അതിൽകുറച്ച് ഉപ്പിടുക. കുറച്ചു തേങ്ങ ചിരകിയതും ഇടുക.പിന്നീട് ഒരു സ്പൂൺ വെള്ളം ഒഴിച്ച് കുഴക്കുക.വെള്ളം ഒരിക്കലും അധികമായി പോവരുത്. ചൂടുവെള്ളത്തിൽ കുഴക്കാനും പാടില്ല. കുഴച്ചു കഴിയുമ്പോൾ അതൊരു സോഫ്റ്റ് ആവും. കൈ കൊണ്ട് തൊടുമ്പോൾ മനസിലാവും.അതുശേഷം ആ പൊടിയെടുത്ത് മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കിയെടുക്കുക.അധികം അരക്കാൻ പാടില്ല. അതെടുത്ത് ഒരു പാത്രത്തിൽ ഇടുക. അഞ്ച് മിനുട്ട് അങ്ങനെ വയ്ക്കുക. പിന്നെ പുട്ട് ഉണ്ടാക്കുന്ന പാത്രം എടുത്ത് അരിപ്പുട്ട് ഉണ്ടാക്കുന്നതു പോലെ തേങ്ങ കുറച്ച് ഇട്ടതിനുശേഷം പുട്ട് പൊടി ഇടുക. വീണ്ടും തേങ്ങ ഇടുക. നിങ്ങൾക്ക് എത്ര പുട്ട് വേണോ അത്ര ഉണ്ടാക്കുക.പിന്നീട് ആവിയിൽ വച്ച് അഞ്ച് മിനുട്ട് വേവിച്ചെടുക്കുക .നല്ല ടേസ്റ്റി ഗോതമ്പു പുട്ട് റെഡി. കടലക്കറിയുടെ കൂടെ രാവിലെ പ്രഭാതഭക്ഷണമായി കഴിക്കാൻ ആരോഗ്യപരമായ ഒരു പുട്ടാണിത്. ശ്രമിച്ചു നോക്കൂ.അപ്പോഴറിയാം അതിന്റെ രുചി.

നിമിഷ, കുവൈറ്റ്.

Related Articles