.കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും പ്രചാരണത്തിനും, കമ്പനി പ്രതിനിധികളുടെ ഇടപെടലുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാധി മിനിസ്റ്റീരിയൽ ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ ഉത്തരവ് പ്രകാരം മരുന്നുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശാസ്ത്രീയ തെളിവുകളുടെയോ അംഗീകൃത പ്രൊഡക്റ്റ് ലീഫ്ലെറ്റുകളുടെയോ അടിസ്ഥാനത്തിലുള്ളതും കൃത്യവും വ്യക്തവും പുതുക്കിയതുമായിരിക്കണം. ഉൽപ്പന്നങ്ങളുടെ ഗുണങ്ങളും അപകടസാധ്യതകളും മുന്നറിയിപ്പുകളും സന്തുലിതമായ രീതിയിൽ മാത്രമേ അവതരിപ്പിക്കാവൂ. ഔദ്യോഗികമായി അംഗീകരിക്കാത്ത ആവശ്യങ്ങൾക്കായി മരുന്നുകൾ ശുപാർശ ചെയ്യുന്നതും, കൃത്യമായ ശാസ്ത്രീയ തെളിവുകളില്ലാതെ ‘ഏറ്റവും മികച്ചത്’, ‘ഏറ്റവും സുരക്ഷിതമായത്’, ‘ഏറ്റവും ശക്തമായത്’ തുടങ്ങിയ വാക്കുകൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതും പൂർണ്ണമായി നിരോധിച്ചു.അച്ചടിച്ചതോ ഡിജിറ്റലായതോ ആയ എല്ലാത്തരം പരസ്യ സാമഗ്രികളും, ശാസ്ത്രീയ യോഗങ്ങളിലൂടെയോ ഇമെയിൽ വഴിയോ പ്രചരിപ്പിക്കുന്ന വിവരങ്ങളും മുൻകൂട്ടി പരിശോധനയ്ക്ക് വിധേയമാക്കണം. മരുന്നുകളുടെ പാർശ്വഫലങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും കുവൈത്ത് ഫാർമാക്കോവിജിലൻസ് സെന്റർ അംഗീകരിച്ചതായിരിക്കണം.
കൂടാതെ, ഫാർമസ്യൂട്ടിക്കൽ ഇൻസ്പെക്ഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പ്രത്യേക പെർമിറ്റില്ലാതെ ഒരു വ്യക്തിക്കും മെഡിക്കൽ പ്രതിനിധിയായി പ്രവർത്തിക്കാൻ സാധിക്കില്ല. വ്യക്തിഗതമായ ഈ പെർമിറ്റുകൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ലെന്നും, ഒരു വർഷ കാലാവധിയുള്ള ഇവ വർഷം തോറും പുതുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഓൺലൈൻ വഴി സമർപ്പിക്കുന്ന പെർമിറ്റ് അപേക്ഷകൾക്കൊപ്പം വിദ്യാഭ്യാസ യോഗ്യതകൾ, സിവിൽ ഐഡി തുടങ്ങിയ രേഖകൾ ഹാജരാക്കണം. പ്രതിനിധികളുടെ വിവരങ്ങളിലോ തൊഴിൽ കരാറിലോ മാറ്റങ്ങൾ വന്നാൽ കമ്പനികൾ മന്ത്രാലയത്തെ ഉടനടി വിവരമറിയിക്കേണ്ടതുണ്ട്.



