കുവൈറ്റ് സിറ്റി, സെപ്റ്റംബർ 22: കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗം, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ഫാഷൻ ഇൻഫ്ലുവൻസർക്ക് വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവച്ചു.കഞ്ചാവ് ഉപയോഗിച്ചതിനും സ്നാപ്ചാറ്റ് വഴി സാമ്പത്തിക നേട്ടത്തിനായി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും മറ്റുള്ളവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതിനുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സദാചാര സംരക്ഷണ വിഭാഗം നടത്തിയ രഹസ്യ അന്വേഷണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.സ്നാപ്ചാറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രതിയുടെ പ്രവർത്തനങ്ങൾ അധികൃതർ നിരീക്ഷിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.കേസിലെ തെളിവുകളും മുൻ കോടതി വിധിയും വിശദമായി പരിശോധിച്ച അപ്പീൽ കോടതി, പ്രതിക്കെതിരായ ഏഴ് വർഷത്തെ തടവുശിക്ഷ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.



