കുവൈത്ത് സിറ്റി, സെപ്റ്റംബർ 23: കുവൈത്തിലെ മഹ്ബൂലയിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ ആറ് ഏഷ്യൻ പ്രവാസികളെ നാടുകടത്താൻ നടപടി ആരംഭിച്ചു.മഹ്ബൂലയിലെ ഒരു അപ്പാർട്ട്മെന്റിൽ ഏഷ്യൻ പ്രവാസിയുടെ നേതൃത്വത്തിൽ എല്ലാ വാരാന്ത്യങ്ങളിലും ചൂതാട്ടം നടക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റ് നിരീക്ഷിക്കുകയും വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം റെയ്ഡ് നടത്തുകയുമായിരുന്നു.
പരിശോധനയിൽ ചൂതാട്ടകേന്ദ്രം നടത്തിയിരുന്നയാളെയും ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന മറ്റ് അഞ്ച് ഏഷ്യൻ പ്രവാസികളെയും പിടികൂടി. ഇവരിൽ നിന്ന് ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന 160 കുവൈത്ത് ദിനാറും കണ്ടെത്തി.ചോദ്യം ചെയ്യലിൽ എല്ലാ ആഴ്ചയും അപ്പാർട്ട്മെന്റിൽ ഒത്തുകൂടി ചൂതാട്ടം നടത്തിയിരുന്നതായി പ്രതികൾ സമ്മതിച്ചതായാണ് റിപ്പോർട്ട്.പിടിയിലായ ആറുപേരെയും തുടർ നിയമനടപടികൾക്കും നാടുകടത്തൽ നടപടികൾക്കുമായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.



