കുവൈറ്റ് സിറ്റി, സെപ്റ്റംബർ 22: കുവൈറ്റിലേക്ക് രഹസ്യമായി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ശ്രീലങ്കൻ പ്രവാസികളെ കുവൈറ്റ് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തു.കസ്റ്റംസ് അധികൃതരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ രാജ്യത്തേക്ക് എത്തിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുബാറക് അൽ കബീർ, സാൽവ പ്രദേശങ്ങളിൽ നിന്നാണ് രണ്ട് ശ്രീലങ്കൻ സ്വദേശികളെ പിടികൂടിയത്.ഇവരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം നാല് കിലോഗ്രാം ഹെറോയിൻ, 100 ഗ്രാം മെത്താംഫെറ്റമിൻ അഥവാ ക്രിസ്റ്റൽ മെത്ത്, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന 16 ഇരുമ്പ് ഭാഗങ്ങൾ, തൂക്കം അളക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ് എന്നിവ പിടിച്ചെടുത്തു.
കുവൈറ്റിന് പുറത്ത് താമസിക്കുന്ന മറ്റൊരു ശ്രീലങ്കൻ സ്വദേശിയുടെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് ശേഖരം സ്വീകരിക്കുകയും രാജ്യത്തിനുള്ളിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഇതിനായി ഇവർക്ക് പണം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.



