കുവൈത്ത്സിറ്റി: റോഡുകളിൽ സുഗമമായ ഗതാഗതവും സുരക്ഷിത ഡ്രൈവിംഗും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വാഹനമോടിക്കുന്നവർക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഗതാഗത ബോധവൽക്കരണ വിഭാഗം. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും യാത്രകൾ എളുപ്പമാക്കാനും സഹായിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ ബോധവൽക്കരണ സന്ദേശം ഗതാഗത വകുപ്പ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
തിരക്കുകളിൽ പെടാതിരിക്കാൻ സമയം മുൻകൂട്ടി കണക്കാക്കി നേരത്തെ യാത്ര തിരിക്കുക, റോഡുകളിലെ സ്ഥിതിഗതികൾ തത്സമയം മനസ്സിലാക്കാൻ സ്മാർട്ട് മാപ്പുകൾ ഉപയോഗിച്ച് ഏറ്റവും തിരക്ക് കുറഞ്ഞ ബദൽ പാതകൾ തിരഞ്ഞെടുക്കുക എന്നിവ പ്രധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
റോഡിന്റെ സൈഡ് റോഡുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കൽ, എക്സിറ്റുകളിൽ പെട്ടെന്നുള്ള വണ്ടി മാറ്റങ്ങൾ തടയൽ, പ്രധാന പാതകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകൽ തുടങ്ങിയ അനാവശ്യ പ്രവണതകളിൽ നിന്ന് ഡ്രൈവർമാർ മാറിനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കൂടാതെ സ്‌കൂൾ പരിസരങ്ങളിൽ നിർദ്ദിഷ്ട പാർക്കിംഗ് ഏരിയകളിൽ മാത്രം വാഹനങ്ങൾ നിർത്താനും, റോഡിലുള്ള ട്രാഫിക് പോലീസുകാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ഗതാഗത നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കാനും ഗതാഗത വകുപ്പ് ഓർമ്മിപ്പിച്ചു.



