കുവൈറ്റ് സിറ്റി, സെപ്റ്റംബർ 22: കുവൈറ്റിലെ മഹ്ബൂലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ അഞ്ച് ആഫ്രിക്കൻ പ്രവാസി വനിതകളും ഒരു ആഫ്രിക്കൻ പുരുഷനും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് പ്രാദേശികമായി നിർമ്മിച്ച 18 കുപ്പി മദ്യവും പിടിച്ചെടുത്തു.അഹ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ മഹ്ബൂലയിൽ പതിവ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ വാഹനം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ ഒരു പുരുഷനും അഞ്ച് വനിതകളും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.ഇവരുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ അഞ്ച് വനിതകളെയും കാണാതായതായി നേരത്തെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി.തുടർന്ന് വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പ്രാദേശികമായി നിർമ്മിച്ച 18 കുപ്പി മദ്യം കണ്ടെത്തിയത്.അറസ്റ്റിലായ ആറുപേരെയും പിടിച്ചെടുത്ത മദ്യവും തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.



