കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഗ്നിശമന സേനയ്ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ സജ്ജതയുണ്ടെന്ന് വിമാനത്താവള അഗ്നിശമന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുസാബ് അൽ അൻസാരി വ്യക്തമാക്കി. അടിയന്തര കോൾ ലഭിച്ച് 160 സെക്കൻഡിനുള്ളിൽ ആദ്യ ഫയർ എൻജിൻ സംഭവസ്ഥലത്തെത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.2026-ന്റെ ആദ്യ ആറുമാസത്തിനിടെ വിമാനത്താവളത്തിൽ 6 തീപിടിത്തങ്ങളും 25 അടിയന്തര റിപ്പോർട്ടുകളും കൈകാര്യം ചെയ്തതായി അദ്ദേഹം അറിയിച്ചു.
നിലവിൽ 200 അഗ്നിശമന സേനാംഗങ്ങളും 4 ഫയർ സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ടെന്നും, പുതിയ വിമാനത്താവള വികസനത്തിന് അനുസരിച്ച് ജീവനക്കാരുടെയും സൗകര്യങ്ങളുടെയും എണ്ണം വർധിപ്പിക്കുമെന്നും വ്യക്തമാക്കി.ഇറാനിയൻ ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തങ്ങളിലും അഗ്നിശമന സേന മികച്ച രീതിയിൽ ഇടപെട്ടതായി അദ്ദേഹം പറഞ്ഞു. മൂന്ന് ഇന്ധന ടാങ്കുകളിൽ പടർന്ന തീ മൂന്ന് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണവിധേയമാക്കിയത്.യാത്രക്കാർ വീടുവിട്ട് പുറപ്പെടുന്നതിന് മുമ്പ് വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യണമെന്നും, ലിഥിയം ബാറ്ററിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി കൈവശം വഹിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



