കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിച്ചെന്ന വാർത്തകൾ സിവിൽ വ്യോമയാന വകുപ്പ് നിഷേധിച്ചു. സർവീസുകൾ നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജസീറ എയർവേയ്സുമായോ മറ്റ് ഏതെങ്കിലും വിമാനക്കമ്പനിയുമായോ യാതൊരുവിധ ഏകോപനവും നടത്തിയിട്ടില്ലെന്ന് അതോറിറ്റി വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. മുൻകൂർ അനുമതി തേടാതെ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുകയും അവ പുനരാരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടർന്ന് ജസീറ എയർവേയ്സിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ സംഘർഷങ്ങൾ ആരംഭിച്ചത് മുതൽ ട്രാൻസിറ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള തീരുമാനങ്ങളും നിർദ്ദേശങ്ങളും നിലവിലുണ്ട്. യാത്രക്കാരുടെയും വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷയും ഉയർന്ന മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ ഈ നടപടികളെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതോറിറ്റിയുടെ തീരുമാനങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതിനാണ് ജസീറ എയർവേയ്സിനെതിരെ നടപടി സ്വീകരിച്ചത്. ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുകയോ വിലക്ക് നീക്കുകയോ ചെയ്യുകയാണെങ്കിൽ ആ വിവരം സിവിൽ വ്യോമയാന വകുപ്പിന്റെ ഔദ്യോഗിക ചാനലുകൾ വഴി കൃത്യമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



