കുവൈത്ത് സിറ്റി: വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനായി നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി, കുവൈത്ത് കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വൻതോതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും തംബാക്കും വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. വാണിജ്യ നിയന്ത്രണ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഗോഡൗണിൽ റെയ്ഡ് നടത്തിയത്.
പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 1,500 പാക്കറ്റോളം കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ, അലക്കുപൊടികൾ/ഡിറ്റർജന്റുകൾ എന്നിവയും 1.32 ടൺ തംബാക്കുമാണ് അധികൃതർ പിടിച്ചെടുത്തത്. ഗൾഫ് സഹകരണ കൗൺസിലിന്റെ വാണിജ്യ തട്ടിപ്പ് വിരുദ്ധ ഏകീകൃത നിയമം (2019-ലെ നിയമം നം. 20, ആർട്ടിക്കിൾ 2) ലംഘിച്ചാണ് ഈ ഉൽപ്പന്നങ്ങൾ സംഭരിച്ചിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടുകയും, നിയമലംഘനം നടത്തിയവർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.



