കുവൈത്ത് സിറ്റി: അബുദാബി ബിഗ് ടിക്കറ്റിന്റെ സെപ്റ്റംബർ മാസത്തെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ കുവൈത്തിൽ ജോലി ചെയ്യുന്ന മലയാളി ഡ്രൈവർ എൽദോ മാത്യുവിന് 25,000 ദിർഹം സമ്മാനം.
30 വയസ്സുകാരനായ എൽദോ കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. കുവൈത്തിലെ സുഹൃത്തുക്കൾ ഉൾപ്പെട്ട 25 അംഗ സംഘത്തോടൊപ്പമാണ് എൽദോ ബിഗ് ടിക്കറ്റ് എടുത്തത്.സുഹൃത്തുക്കളുടെ പ്രോത്സാഹനത്തെ തുടർന്നാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയതെന്ന് എൽദോ പറഞ്ഞു. പിന്നീട് 25 പേരടങ്ങുന്ന സംഘം ചേർന്ന് സ്ഥിരമായി ടിക്കറ്റുകൾ വാങ്ങുകയായിരുന്നു.
25,000 ദിർഹത്തിന്റെ സമ്മാനത്തുക സംഘത്തിലെ എല്ലാവരും തുല്യമായി പങ്കിടും. ഒരുമിച്ച് ടിക്കറ്റെടുത്ത തങ്ങൾക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് എൽദോ പറഞ്ഞു.തനിക്ക് ലഭിക്കുന്ന വിഹിതം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എൽദോ വ്യക്തമാക്കി.എട്ട് വർഷത്തെ കുവൈത്ത് പ്രവാസജീവിതത്തിനിടെയാണ് മലയാളി ഡ്രൈവറെ തേടി ഈ ഭാഗ്യനേട്ടമെത്തിയത്.



