കുവൈത്ത് സിറ്റി, സെപ്റ്റംബർ 28: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ Kuwait Wage Protection and Payment System (KWPS) ആരംഭിച്ചു.
രാജ്യത്തെ പ്രാദേശിക ബാങ്കുകൾ വഴി സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം കൈമാറുന്നതിനുള്ള കേന്ദ്രീകൃത സംവിധാനമാണ് KWPS.പുതിയ സംവിധാനം വഴി ശമ്പള വിതരണം കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താൻ സാധിക്കും. ജീവനക്കാർക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് നിരീക്ഷിക്കാനും നിയമലംഘനങ്ങൾ നേരത്തെ കണ്ടെത്താനും കഴിയും.ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കമ്പനികൾ ശമ്പള വിതരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം സഹായിക്കും.
സാമ്പത്തിക ഉൾക്കൊള്ളലും ഡിജിറ്റൽ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം കുവൈത്തിലെ തൊഴിൽ വിപണിയുടെ നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.അന്താരാഷ്ട്ര പേയ്മെന്റ് മാനദണ്ഡമായ ISO 20022 അനുസരിച്ചാണ് KWPS വികസിപ്പിച്ചിരിക്കുന്നത്.കുവൈത്തിന്റെ ദേശീയ പേയ്മെന്റ് സംവിധാന വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ പ്രധാന സംവിധാനമാണ് KWPS.



