കുവൈത്ത്സിറ്റി: കുവൈറ്റിൽ ഗാർഹിക പീഡന നിരോധന നിയമം നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്ത് അത്തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. പുതിയ നിയമം പ്രാബല്യത്തിൽ വന്ന് ആദ്യ മാസങ്ങൾ പിന്നിടുമ്പോൾ ഗാർഹിക പീഡനക്കേസുകളിൽ 27 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി നീതിന്യായ മന്ത്രി കൗൺസിലർ നാസർ യൂസഫ് അൽ-സുമൈത് അറിയിച്ചു.
കുടുംബത്തിനുള്ളിൽ നടക്കുന്ന ലൈംഗിക അതിക്രമക്കേസുകളിൽ ഇരയായ വ്യക്തി വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ പോലും കുറ്റവാളിക്ക് നിയമപരമായ ഇളവ് നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഈ ശക്തമായ നിയമനിർമ്മാണ സമീപനത്തെ കുവൈറ്റ് അസോസിയേഷൻ എഗെയ്ൻസ്റ്റ് വയലൻസ് പ്രശംസിച്ചു. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പുതിയ നിയമസംവിധാനം പൂർണ്ണ വിജയമാണെന്നാണ് ഈ സൂചനകൾ വ്യക്തമാക്കുന്നതെന്ന് സംഘടന അഭിപ്രായപ്പെട്ടു.
സർക്കാർ സംവിധാനങ്ങളും സിവിൽ സൊസൈറ്റി സംഘടനകളും സംയുക്തമായി നടത്തിയ ആസൂത്രിത ശ്രമങ്ങളുടെ ഫലമാണ് ഈ നല്ല മാറ്റമെന്ന് അസോസിയേഷൻ ചെയർമാനും അഭിഭാഷകനുമായ അലി അൽ-അലി പ്രസ്താവിച്ചു. ഗാർഹിക പീഡനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ നിയമപരമായ നിർദ്ദേശങ്ങൾ സമർപ്പിച്ചും ശാസ്ത്രീയ പഠനങ്ങൾ നടത്തിയും സെമിനാറുകളും ബോധവൽക്കരണ കാമ്പെയ്‌നുകളും സംഘടിപ്പിച്ചും തങ്ങളുടെ സംഘടന സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ, പ്രായമായവർക്കും മാതാപിതാക്കൾക്കും പ്രത്യേക ക്രിമിനൽ പരിരക്ഷ ഉറപ്പാക്കണമെന്ന പുതിയൊരു നിർദ്ദേശവും സംഘടന നീതിന്യായ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകുകയെന്ന രാജ്യത്തിന്റെ വിശാലമായ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ നിയമ പരിഷ്‌കാരങ്ങളെന്നും അസോസിയേഷൻ വ്യക്തമാക്കി.



