കുവൈറ്റ് സിറ്റി: മേഖലയിൽ വർദ്ധിച്ചുവരുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം സമഗ്രമായ അടിയന്തര പ്ലാൻ നടപ്പിലാക്കി. സംഘർഷം ആരംഭിച്ച ആദ്യ മണിക്കൂറുകൾ മുതൽ തന്നെ ഉന്നതതല നിർദ്ദേശങ്ങൾ പാലിച്ച് തന്ത്രപ്രധാനമായ ഇടങ്ങളിൽ ദ്രുതകർമ്മ സേനയെ മന്ത്രാലയം വിന്യസിച്ചു.
രാജ്യത്തെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഈ മുൻകരുതൽ നടപടികൾ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു.മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മന്ത്രി ഡോ. നൂറ അൽ-മഷാൻ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.
മാർച്ച് ഒന്നിന് അദ്ദേഹം നാഷണൽ കൺട്രോൾ സെന്റർ സന്ദർശിക്കുകയും പവർ ഗ്രിഡിന്റെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. മേഖലയിലെ ഡ്രോൺ ആക്രമണങ്ങളെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് ചില ഓവർഹെഡ് പവർ ലൈനുകൾക്ക് തകരാർ സംഭവിച്ച പശ്ചാത്തലത്തിലായിരുന്നു ഈ സന്ദർശനം. പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന്റെ വെളിച്ചമായി പ്രവർത്തിച്ച മന്ത്രാലയത്തിലെ ജീവനക്കാരുടെ പ്രയത്നത്തെ മന്ത്രി പ്രശംസിച്ചു. അപ്രതീക്ഷിതമായ വെല്ലുവിളികൾക്കിടയിലും രാജ്യത്തെ സുപ്രധാന സേവനങ്ങൾ മുടങ്ങാതെ സംരക്ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.
