കുവൈറ്റ് സിറ്റി: മാതാപിതാക്കൾക്ക് ജോലിക്കിടെ വീട്ടിലുള്ള കുട്ടികളെ നിരീക്ഷിക്കാനും, യാത്രകളിൽ വീടും പരിസരവും മോഷ്ടാക്കളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഹോം സെക്യൂരിറ്റി ക്യാമറകൾ ഇന്ന് പല വീടുകളിലും അവിഭാജ്യ ഘടകമാണ്. എന്നാൽ, കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഈ ക്യാമറകൾ ഉടമകളുടെ സ്വകാര്യത തകർക്കുന്ന വലിയൊരു സുരക്ഷാ വീഴ്ചയായി മാറുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. സൈബർ ക്രിമിനലുകൾക്ക് ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ഒരു ജനലായി ഇവ മാറാതിരിക്കാൻ അതീവ ജാഗ്രത ആവശ്യമാണ്.
വീടുകളിലെ സ്മാർട്ട് ക്യാമറകളുടെ സോഫ്റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യാതിരിക്കുന്നതും, കമ്പനി നൽകുന്ന ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റാതെ ഉപയോഗിക്കുന്നതും വലിയ അപകടമാണെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോററി റെഗുലേറ്ററി അതോറിറ്റി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ഉപകരണങ്ങളിലെ പുതിയ സുരക്ഷാ പാളിച്ചകൾ മുതലെടുത്ത് ഹാക്കർമാർ ക്യാമറകളിൽ പ്രവേശിക്കുകയും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് സിട്ര വ്യക്തമാക്കി.
സ്മാർട്ട് ഹോം ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായ ഇന്നത്തെ സാഹചര്യത്തിൽ, വീട്ടിലെ ക്യാമറകളും അവയുമായി ബന്ധിപ്പിച്ചിട്ടുള്ള വയർലെസ് ഇന്റർനെറ്റ് നെറ്റ്‌വർക്കുകളും സുരക്ഷിതമാക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണെന്ന് പ്രമുഖ വിവരസാങ്കേതിക വിദഗ്ദ്ധൻ ഡോ. അൻവർ അൽ ഹർബി വ്യക്തമാക്കി. ഹാക്കിംഗ് ഭീഷണികൾ കുറയ്ക്കുന്നതിനും വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത നിലനിർത്തുന്നതിനും പൊതുവായ സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഉപഭോക്താക്കൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



