കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും എമർജൻസി പോലീസും സംയുക്തമായി നടത്തിയ സുരക്ഷാ-ട്രാഫിക് പരിശോധനകളിൽ എട്ടു ദിവസത്തിനിടെ 29,300 നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തി. റോഡുകളിൽ അച്ചടക്കം ഉറപ്പുവരുത്താനും നിയമലംഘകരെ പിടികൂടി എല്ലാവർക്കും ഒരുപോലെ നിയമം നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു വിപുലമായ പരിശോധന.
ഈ ദിവസങ്ങളിൽ ആകെ 1,729 സുരക്ഷാ ദൗത്യങ്ങൾ നടപ്പാക്കുകയും 581 പേർക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുകയും ചെയ്തു. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്ന 216 പേരെയും, ഇഖാമ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങിയ 137 പേരെയും പരിശോധനയിൽ പിടികൂടി. ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 5 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഇതിനുപുറമെ, നിയമവിരുദ്ധമായി സർവീസ് നടത്തിയ 309 കാറുകളും 19 മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു.
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെയുള്ള ദിവസങ്ങളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് (നജ്ദ) നടത്തിയ പ്രത്യേക പരിശോധനകളിലും നിർണായക നേട്ടങ്ങൾ കൈവരിച്ചു. ഈ കാലയളവിൽ മാത്രം 1,729 സുരക്ഷാ ദൗത്യങ്ങൾ നിർവഹിക്കുകയും 929 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. വിവിധ കേസുകളിൽ അന്വേഷണ ഏജൻസികൾ തിരയുന്ന 197 പേരും, വിസ കാലാവധി തീർന്ന 112 പേരും, ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 63 പേരും പിടിയിലായി. കൂടാതെ പിടികിട്ടാപ്പുള്ളികൾ ഉപയോഗിച്ച 15 വാഹനങ്ങളും കണ്ടുകെട്ടി.
മയക്കുമരുന്ന് ഉപയോഗിച്ചതായും കൈവശം വെച്ചതായും സംശയിക്കുന്ന 22 വ്യക്തികളെ തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. എമർജൻസി പോലീസ് വിഭാഗം 4 വാഹനങ്ങൾ പിടിച്ചെടുക്കുകയും 94 വാഹനാപകടങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയും 396 ഔദ്യോഗിക കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.



